ചിരഞ്ജീവി ചിത്രത്തിൽ വില്ലനാവാൻ നവാസുദ്ദീൻ സിദ്ധിഖി?
തെലുങ്കിൽ വില്ലൻ വേഷത്തിൽ തിളങ്ങാൻ ഒരുങ്ങി ബോളിവുഡിലെ ജനപ്രിയ താരം
നവാസുദ്ദീൻ സിദ്ധിഖി. സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ 154ആമത് ചിത്രത്തിലായിരിക്കും
പ്രതിനായക വേഷത്തിൽ സിദ്ധിഖി എത്തുക. ആക്ഷന് പ്രാധാന്യം നൽകുന്നതാണ്
ചിത്രമെന്നാണ് സൂചന.
ബോബി എന്നറിയപ്പെടുന്ന മുൻ നിര സംവിധായകൻ കെ.എസ്.രവീന്ദ്ര ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫോണിൽ കഥ പറഞ്ഞപ്പോൾ തന്നെ നവാസുദ്ദീൻ സിദ്ധിഖി വില്ലൻ റോൾ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.
സൊനാക്ഷി സിൻഹയായിരിക്കും നായികയെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ഉണ്ടാവും. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമാണം. ഈ വർഷം പകുതിയോടെ ഷൂട്ടിങ് തുടങ്ങും.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിരവധി ചിത്രങ്ങളിലാണ് ചിരഞ്ജീവി
അഭിനയിക്കാൻ ഒരുങ്ങുന്നത്. മോഹൻലാൽ ചിത്രം ലൂസിഫറിന്‍റെ റീമേക്ക് ആണ്
അതിൽ പ്രധാനപ്പെട്ടത്. കോട്ടാല ശിവയുടെ ‘ആചാര്യ’ ആണ് ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.
മകൻ രാം ചരൺ തേജയ്ക്കൊപ്പം ചിരു എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. കാജൽ അഗർവാൾ,
പൂജ ഹെഗ്ഡേ, സോനു സൂദ്, ജിഷു സെൻഗുപ്ത എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
തെന്നിന്ത്യയിൽ രജനീകാന്ത് ചിത്രം പേട്ടയിലാണ് നവാസുദ്ധിൻ സിദ്ധിഖി ഇതിന് മുൻപ് അഭിനയിച്ചത്.
ഷമാസ് സിദ്ധിഖി സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രം ‘ബോലെ ചുഡിയാ’ ആണ്
സിദ്ധിഖിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. തമന്ന ഭാട്ടിയ ആണ് ഇതിൽ നായിക.
കുഷൻ നന്ദി സംവിധാനം ചെയ്ത ജോഗിര സര രാ രാ ആണ് മറ്റൊരു ചിത്രം. ഇന്തോ അമേരിക്കൻ ചിത്രം
നോ ലാൻഡ്സ് മാനിലും സിദ്ധിഖി പ്രധാന വേഷത്തിൽ എത്തുന്നു.