കഴിഞ്ഞ രണ്ടുദിവസമായി കേരളം ഏറെ വൈകാരികമായി ചർച്ച ചെയ്യുന്ന ഒരു വിവാദമാണ് പുരസ്ക്കാരം സമ്മാനിക്കാനെത്തിയ നടൻ ആസിഫലിയെ സംഗീതജ്ഞൻ രമേഷ് നാരായൺ അപമാനിച്ചു എന്ന ആരോപണം. എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്‌ലർ ലോഞ്ച് വേളയിലായിരുന്നു നാടകീയ സംഭവങ്ങൾ.
സീരീസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനത്തിന് രമേശ് നാരായനെ പുരസ്‌കാരം നൽകി ആദരിക്കാൻ ആസിഫ് എത്തുകയായിരുന്നു. എന്നാൽ വളരെയധികം അസ്വസ്ഥനായി എഴുന്നേറ്റെത്തിയ രമേശ് നാരായൺ അങ്ങേയറ്റം നീരസത്തോടെ പുരസ്‌കാരമേറ്റുവാങ്ങുകയും, ഭവ്യതയോടെ തനിക്ക് പുരസ്‌കാരം സമ്മാനിക്കുന്ന ആസിഫിനെ നോക്കാൻ പോലും വിസമ്മതിക്കുകയായിരുന്നു. ശേഷം സംഗതി കാര്യമാക്കാതെ ആസിഫ് ഇരിപ്പിടത്തിലേക്ക് മടങ്ങിയതോടെ രമേശ് നാരായൺ തന്നെ സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്‌കാരം വച്ച് കൊടുത്ത ശേഷം അത് സ്വീകരിക്കുകയായിരുന്നു.
എന്തായാലും സംഭവം വിവാദമായതോടെ പിന്തുണയുടെ പ്രളയമാണ് ആസിഫിന് വിഷയത്തിൽ മലയാളികൾ നൽകിയത്. സിനിമാ താരങ്ങൾക്ക് പുറമെ താരസംഘടന അമ്മയും താരത്തിനൊപ്പം നിന്നിരുന്നു. ഇതിനുപിന്നാലെ സംഗീതജ്ഞൻ രമേഷ് നാരായൺ തന്നെ മാപ്പു ചോദിച്ചു രംഗത്തെത്തിയിരുന്നു. എന്തായാലും സംഭവം വിവാദമായതിനു പിന്നാലെ പഴയൊരു സമാന സംഭവമാണ് പൊതുജനമിപ്പോൾ വീണ്ടും ചർച്ച ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപ് ഇത്പോലെ നടി നയൻതാരയും പുരസ്ക്കാരം നല്കാൻ അണിയറക്കാർ ഏൽപ്പിച്ച നടൻ അല്ലുവിൽ നിന്നും സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു. ഇത് എന്താണെന്ന് വിശദമായി അറിയാം..
2016 ല്‍ ഇരുവരും പങ്കെടുത്ത ഒരു അവാര്‍ഡ് വിതരണ വേദിയാണ് പ്രശ്ങ്ങൾക്ക് ആധാരവും ഇരുവരും തമ്മില്‍ പിണങ്ങാൻ കാരണവും. അന്ന് തന്റെ ഭർത്താവും സംവിധായകനുമായിരുന്ന വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നയന്‍താരയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് നടിയ്ക്ക് സമ്മാനിക്കാൻ അണിയറക്കാർ നിശ്ചയിച്ചിരുന്നത് അല്ലുവിനെയായിരുന്നു. എന്നാൽ പുരസ്‌കാരം നൽകാൻ അല്ലുവും സ്വീകരിക്കാൻ നയൻതാരയും വേദിയിൽ എത്തിയതോടെ കഥ മാറി. വേദിയിലെത്തിയ നയൻസ് അല്ലുവിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാൻ വിസമ്മതിക്കുകയും ഈ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകനായ വിഘ്നേശ് ശിവനില്‍ നിന്നും സ്വീകരിക്കാൻ ആണ് തനിക്ക് ആഗ്രഹം എന്ന് വ്യക്തമാക്കുകയും ചെയ്തു. തുടർന്ന് വിഷ്നേശ് വേദിയിലെത്തുകയും നയന്‍താരയ്ക്ക് അവാര്‍ഡ് നല്‍കുകയും ചെയ്തു. ഒപ്പം വിഘ്നേശ് നടിയെ ആശ്ലേഷിക്കുകയുമൊക്കെ ചെയ്തിരുന്നു.
സംഭവം ഷോ ടെലികാസ്ററ് ചെയ്തതിനു പിന്നാലെ വലിയ വിമർശനം തന്നെ നടി അല്ലു ആരാധകരിൽ നിന്നും മറ്റും നേരിട്ടിരുന്നു. അല്ലുവിനെ പോലെ ബഹുമാനം അർഹിക്കുന്ന ഒരു താരത്തെ വേദിയിൽ വിളിച്ചു വരുത്തി നടി അപമാനിക്കുകയായിരുന്നുവെന്നും നടനെ നയൻസ് മോശക്കാരനാക്കിയ പ്രവൃത്തിയായി പോയെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.ഈ സംഭവമാണിപ്പോൾ ആസിഫ് അലി രമേഷ് നാരായൺ വിഷയത്തോട് ചേർത്തുകെട്ടുന്നത്.