ന്യൂഡൽഹി: രാജ്യത്ത് മയക്കുമരുന്ന് ഇടപാടുകൾ നടത്തിയ കുറ്റവാളികളുടെ ഡാറ്റാബേസ് തയ്യാറാക്കി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. വിവിധ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡാറ്റാബേസ് രാജ്യത്തെ ലഹരിവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കാനും കൂടുതൽ കാര്യക്ഷമമായി നിറവേറ്റാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വികസിപ്പിച്ചെടുത്ത ഈ പോർട്ടൽ നിദാൻ (NIDAAN) എന്ന പേരിലാണ് അറിയപ്പെടുക. (നാഷണൽ ഇന്റഗ്രേറ്റഡ് ഡാറ്റാബേസ് ഓൺ അറസ്റ്റഡ് നാർക്കോ ഒഫൻഡേഴ്‌സ് എന്നതാണ് നിദാൻ).
മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട കേസന്വേഷണങ്ങൾക്കിടയിൽ പലപ്പോഴും, പൂരിപ്പിക്കാതെ കിടക്കുന്ന വസ്തുതകളെ തമ്മിൽ ബന്ധിപ്പിക്കാനും അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കാനും നിദാൻ പോർട്ടൽ നിർണായകമാകും.
ലഹരി കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികൾ, ലഹരി ഉത്പന്നങ്ങളുടെ നിർമ്മാണം, വിൽപന, കൈവശം വയ്‌ക്കൽ, ഉപഭോഗം, അന്തർ സംസ്ഥാന ഇറക്കുമതി, കയറ്റുമതി എന്നിവയുമായി നേരിട്ടോ അല്ലാതെയോ ഏർപ്പെട്ടവർ എന്നിവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് നിദാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏത് അനേഷണ ഏജൻസിക്കും രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നുമുള്ള ലഹരിക്കേസ് കുറ്റവാളിയെ സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിക്കാനും പരിശോധിക്കാനും നിദാൻ പോർട്ടൽ മുഖ്യപങ്കുവഹിക്കും. കുറ്റകൃത്യങ്ങളുടെ ചരിത്രം, വ്യക്തിഗത വിശദാംശങ്ങൾ, പ്രതികളുടെ വിരലടയാളങ്ങൾ, കോടതിയിലെ കേസുകൾ തുടങ്ങി ലഹരിക്കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുന്നതാണ് ഈ പോർട്ടൽ.