മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമാണ് നീരജ് മാധവ്. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മലയാള സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന വെളിപ്പെടുത്തലും നടത്തിയിരുന്നു. എന്നാല്‍ ഇതിനെല്ലാം പിന്നാലെ ഒരു അടിപൊളി റാപ്പ് സോങുമായി നടന്‍ നീരജ് മാധവ് എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ നീരജ് ഒരു അച്ഛനായി എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്.
നീരജിന്റെ തന്നെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചുകൊണ്ടുളള പോസ്റ്റാണ് അത്. നീരജ് സമൂഹമാധ്യമങ്ങളിലൂടെ തനിക്കും ഭാര്യ ദീപ്തിക്കും ആദ്യത്തെ കണ്‍മണി പിറന്ന സന്തോഷമാണ് അറിയിച്ചിരിക്കുന്നത്. പെണ്‍കുഞ്ഞ് ജനിച്ച വിവരം ഒരു ഫോട്ടോ പങ്കുവെച്ചാണ് നീരജ് കുറിച്ചത്. അതോടൊപ്പം തന്നെ ദീപ്തിയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും നീരജ് അറിയിച്ചു.
അച്ഛനായ സന്തോഷത്തില്‍ നടന് ആശംസകളുമായി ആരാധകരും സഹതാരങ്ങളുമെല്ലാം രംഗത്ത് എത്തിയിരിക്കുകയാണ്. നീരജ് മാധവും ദീപ്തിയും 2018ലാണ് വിവാഹിതരായത്. ഇവരുടെ വിവാഹം ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം തരംഗമായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നീരജ് ബിരുദാനന്തര ബിരുദം നേടിയിട്ടുളള താരമാണ്. നീരജിന്‌റെ സിനിമാ അരങ്ങേറ്റം 2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നാലെ മെമ്മറീസ്, ദൃശ്യം, സപ്തമശ്രീ തസ്‌കരഹ പോലുളള സിനിമകളിലെ താരത്തിന്റെ ശ്രദ്ധേയമായ പ്രകടനവും ഏറെ ശ്രദ്ധ നേടി.