ന്യൂഡല്‍ഹി: ഒബിസി വിഭാഗക്കാര്‍ക്ക് 27 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനവും സംവരണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി തീരുമാനം വരുന്നത് വരെ നീറ്റ് പിജി കൗണ്‍സിലിംഗ് ആരംഭിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള ഓള്‍ ഇന്ത്യ ക്വാട്ടയില്‍ സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് ഒരു വിഭാഗം വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്.
ഒബിസി വിഭാഗക്കാര്‍ക്ക് 27 ശതമാനം സംവരണം:
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ അധ്യയനവര്‍ഷം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍ ജൂലൈ 29ന് ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് ചില വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 25ന് കൗണ്‍സിലിംഗ് ആരംഭിക്കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് തീരുമാനിച്ചത്. അതിനിടെ വിജ്ഞാപനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികളില്‍ സുപ്രീംകോടതി തീരുമാനം വന്നാല്‍ പ്രവേശന നടപടികളെയും കുട്ടികളെയും ഒന്നാകെ ബാധിക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അരവിന്ദ് ദത്തര്‍ കോടതിയെ ബോധിപ്പിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം:
മുന്‍ നിശ്ചയിച്ച പ്രകാരം കൗണ്‍സിലിംഗ് നടപടികളുമായി മുന്നോട്ടുപോയാല്‍ വിദ്യാര്‍ഥികള്‍ പ്രശ്‌നത്തിലാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സിലിംഗ് ആരംഭിക്കുന്നത് നീട്ടിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് കോടതിയെ ധരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ വിജ്ഞാപനം തിങ്കളാഴ്ച തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.കേന്ദ്രസര്‍്ക്കാരിന്റെ നിലപാട് കോടതി രേഖപ്പെടുത്തി.
ഒക്ടോബര്‍ 21ന് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിന് എട്ടുലക്ഷം രൂപ വാര്‍ഷിക പരിധി നിശ്ചയിച്ച തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണോ എന്ന് കോടതി ആരാഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യാന്‍ കോടതി ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഭരണഘടനാതത്ത്വങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി നിലപാട് വ്യക്തമാക്കിയിരുന്നു.