നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യു ജി)ഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം പുറത്തുവന്നുകഴിഞ്ഞാല്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് സ്കോര്‍കാര്‍ഡ് അറിയാന്‍ neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം. മേയ് 7 നാണ് (നീറ്റ്-2023 ) യു.ജി. പരീക്ഷ നടന്നത്.
ഈ വര്‍ഷം ഏകദേശം 20.87 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയില്‍ പങ്കെടുത്തു. നീറ്റ് സ്‌കോര്‍കാര്‍ഡില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയില്‍ നേടിയ പെഴ്സന്റൈല്‍ സ്‌കോര്‍, മൊത്തത്തിലുള്ള പെര്‍സെന്റൈല്‍ സ്‌കോര്‍, 720 ല്‍ നിന്ന് ലഭിച്ച മൊത്തം മാര്‍ക്ക്, നീറ്റ് അഖിലേന്ത്യാ റാങ്ക്, കാറ്റഗറി റാങ്ക്, കട്ട്‌ഓഫ് സ്‌കോര്‍ എന്നിവ ഉള്‍പ്പെടും.
നീറ്റ് ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കൗണ്‍സിലിംഗ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. പരീക്ഷയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെ നീറ്റ് യുജി മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. 15% ഓള്‍ ഇന്ത്യ ക്വാട്ട (എഐക്യു) വിഭാഗത്തിന് കീഴില്‍ ലഭ്യമായ സീറ്റുകളുടെ അലോക്കേഷനായി ഈ ലിസ്റ്റ് പിന്നീട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന് (ഡിജിഎച്ച്‌എസ്) കൈമാറും.
ഇന്ത്യന്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് സ്‌കോറുകളുടെ സാധുത നിലവിലെ അക്കാദമിക് സെഷനിലേക്കോ ഒരു വര്‍ഷത്തേക്കോ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) വിദേശ കോളേജുകളിലേക്കുള്ള പ്രവേശനത്തിന് കാലാവധി 3 വര്‍ഷമായി നീട്ടിയതായി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നീറ്റ് സ്‌കോറുകള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ ഇത് അനുവദിക്കുന്നു.