വേമ്പനാട് കായലിന്റെ ഓളങ്ങളുമായി ‘കൈ കരുത്തിന്റെ’ ബലത്തിൽ മത്സരിക്കാനൊരുങ്ങുകയാണു കേരള പോലീസ്. ഇത്തവണത്തെ നെഹ്‌റു ട്രോഫിയിൽ ചമ്പക്കുളം ചുണ്ടനിലാണു പോലീസ് ടീം തുഴയുക. മൂന്നാം തവണയാണ് കേരള പോലീസ് ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മത്സരിക്കുന്നത്. സീസണിലെ ആദ്യ മത്സരമായ ചമ്പക്കുളം ജലോത്സവത്തിൽ ചമ്പക്കുളം ചുണ്ടനിൽ മത്സരിച്ച് കിരീടം നേടിയതിന്റെ ആത്മവിശ്വാസവുമായാണു ടീം നെഹ്‌റു ട്രോഫിക്കെത്തുന്നത്. 120 പോലീസ് സേനാംഗങ്ങളടങ്ങുന്നതാണ് ടീം . ആലപ്പുഴ എആർ ക്യാംപിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാറാണു ടീമിന്റെ പരിശീലകൻ. രണ്ട് മാസമായി കഠിന പരിശീലനത്തിലാണ് ടീം.
പോലീസ് സേനാംഗങ്ങളിൽ നിന്ന് നീന്തൽ അറിയുന്നവരെ ആദ്യം തെരെഞ്ഞെടുക്കുകയും തുടർന്ന് ഏറ്റവും ഉയർന്ന ശാരീരിക ക്ഷമതയുള്ളവരെ 120 അംഗ ടീമിൽ ഉൾപ്പെടുത്തുകയുമായിരുന്നു.
തിരുവനന്തപുരം സ്വദേശികളായ പ്രവീൺ ഒന്നാം തുഴക്കാരനും ഷിബു രണ്ടാം തുഴക്കാരനുമാകുമ്പോൾ കണ്ണൂർ സ്വദേശി സിജിനാണ് കൊച്ചമരത്ത്. 2018 ലാണ് കേരള പോലീസ് ആദ്യമായി ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ മത്സരിച്ചത്. രണ്ടാം സ്ഥാനം നേടാൻ ടീമിനായി. 2019 ൽ ഫൈനലിലെത്തിയ ടീം അക്കൊല്ലം നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ റണ്ണറപ്പുമായി. ഇത്തവണ പുരുഷൻമാരുടെ വെപ്പ് എ ഗ്രേഡ് വിഭാഗത്തിലും വനിതകളുടെ തെക്കനോടി വിഭാഗത്തിലും മത്സരിക്കുന്നുണ്ട്.