2021 ഒക്ടോബർ 25 നായിരുന്നു ഹേനയുടെയും അപ്പുക്കുട്ടന്റ്റെയും വിവാഹം നടന്നത്. സ്ത്രീധനം ചോദിക്കാതെയായിരുന്നു വിവാഹമെങ്കിലും വിവാഹ ശേഷം 80 പവൻ സ്വർണം നൽകി. ചെറുപ്രായം മുതൽ മനോദൗർബല്യമുള്ള ഹേനക്ക് വീട്ട് ജോലിക്കായി ബന്ധുവായ ഉഷയെ ദിവസം ഹേനയുടെ അച്ഛൻ പ്രേംകുമാർ 500 രൂപ ശമ്പളത്തിൽ നിർത്തിയിരുന്നു. കടക്കരപ്പള്ളി സ്വദേശിനിയായ ഉഷയെ കൊണ്ടുവരുന്നതും പോകുന്നതും അപ്പുക്കുട്ടനായിരുന്നു. എന്നാൽ ഒരു ദിവസം പോലും ഹേനയെ അപ്പുക്കുട്ടൻ പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് അയൽക്കാർ പറഞ്ഞു. അപ്പുക്കുട്ടൻ സാമ്പത്തിക ആവശ്യങ്ങൾക്കായി ഹേനയുടെ വീട്ടുകാരെ സമീപിക്കുക പതിവായിരുന്നു.ഹേനയുടെ മാതാപിതാക്കളോട് പലവട്ടമായി ലക്ഷങ്ങൾ വാങ്ങിയിരുന്നതായി അപ്പുക്കുട്ടൻ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 10 ദിവസം മുമ്പ് പ്രേംകുമാറിനോട് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. കൈയ്യിൽ പൈസയില്ലെന്ന് പറഞ്ഞ് തീരുന്നതിന് മുമ്പേ ഫോൺ കട്ടാക്കിയെന്ന് പ്രേംകുമാർ പറഞ്ഞു. ഇതിന് ശേഷം മരണം സംഭവിച്ച 26 ന് ഉച്ചയ്ക്കാണ് വീണ്ടും പ്രേംകുമാറിനെ അപ്പുക്കുട്ടൻ വിളിയ്ക്കുന്നത്. ഹേനയ്ക്ക് അസുഖം കൂടുതലാണെന്നും ഉടൻ വരണമെന്നും ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. കായംകുളത്ത് എത്തിയപ്പോഴാണ് ഹേന മരിച്ചെതെന്ന് സഹോദരി പറയുമ്പോഴാണ് അറിയുന്നതെന്നും പ്രേംകുമാർ പറഞ്ഞു.