നേപ്പാളിലെ മസ്താങ് ജില്ലയിൽ ഇന്നലെ തകർന്ന് വീണെന്ന് സ്ഥിരീകരിച്ച താരാ എയർലൈൻസ് വിമാനം എവിടെയെന്ന് കണ്ടെത്തി. സാനോസ്വരെ, തസാങ് – 2, മസ്താങ് എന്ന പ്രദേശത്താണ് താരാ എയർലൈൻസ് വിമാനം തകർന്ന് വീണതു. . വിമാനം പൂർണമായി കത്തിനശിച്ച ചിത്രങ്ങൾ നേപ്പാൾ സൈന്യത്തിന്‍റെ വക്താവ് ബ്രിഗേഡിയർ ജനറൽ നാരായൺ സിൽവാൽ പുറത്തുവിട്ടു. നാല് ഇന്ത്യക്കാരടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. നാല് ഇന്ത്യക്കാർ, രണ്ട് ജർമൻ പൗരൻമാർ, 13 നേപ്പാൾ പൗരൻമാർ എന്നിവരും നേപ്പാൾ പൗരൻമാർ തന്നെയായ മൂന്നംഗ ക്രൂവും അടക്കമുള്ളവരിൽ എത്ര പേർ രക്ഷപ്പെട്ടു എന്നടക്കം ഒരു സൂചനയും നേപ്പാൾ സൈന്യത്തിനില്ല. ഇന്നലെ രാവിലെ 10.15-നാണ് വിമാനം പൊഖ്രയിൽ നിന്ന് പറന്നുയർന്നത്. കനേഡിയൻ നിർമിത വിമാനം പൊഖ്രയിൽ നിന്ന് ജോംസോമിലേക്കാണ് യാത്ര ചെയ്തിരുന്നത്. താരാ എയറിന്‍റെ ഉടമസ്ഥതയിലുള്ള വിമാനത്തിന് എന്തെങ്കിലും കേടുപാടുകളുണ്ടായിരുന്നോ എന്ന കാര്യം ഇതുവരെ വ്യക്തമല്ലെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.