സൽമാൻ ഖാൻ അവതാരകനായ ബിഗ് ബോസ് വീട്ടിലും ചർച്ചയായി നെപ്പോട്ടിസം(സ്വജനപക്ഷപാതം). ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടയിലാണ് സൽമാൻ ഖാന്റെ പരിപാടിയിലും വിഷയം ഉയർന്നത്. ബിഗ് ബോസ് 14 സീസണിന്റെ പ്രീകാപ് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ഇതിനകം വൈറലാണ്. ഇന്ന് നടക്കാനിരക്കുന്ന എപ്പിസോഡിലാണ് വിവാദ വിഷയത്തെ കുറിച്ച് സൽമാൻ ഖാൻ പറയുന്നത്.
ബിഗ് ബോസ് വീട്ടിലെ അന്തേവാസികളായ രാഹുൽ വൈദ്യ, ജാൻ കുമാർ എന്നിവർ തമ്മിലുള്ള വഴക്കാണ് ചർച്ചയ്ക്ക് കാരണം. പ്രശസ്ത ഗായകൻ കുമാർ സാനുവിന്റെ മകനാണ് ജാൻ കുമാർ. ആഴ്ച്ചയിലെ നോമിനേഷൻ ടാസ്കിൽ രാഹുൽ വൈദ്യ നോമിനേറ്റ് ചെയ്തത് ജാൻ കുമാറിനെയാണ്. നെപ്പോട്ടിസത്തെ താൻ വെറുക്കുന്നു. ജാനിന് സ്വന്തമായി വ്യക്തിത്വമില്ല. ബിഗ് ബോസ് ഷോയിൽ ജാൻ എത്തിയത് കുമാർ സാനുവിന്റെ മകൻ ആയതുകൊണ്ടാണെന്നുമായിരുന്നു രാഹുൽ ഇതിന് കാരണമായി പറഞ്ഞത്.