പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ പ്രഭാതങ്ങൾ എപ്പോഴും തിരക്കുകൾ നിറഞ്ഞതായിരിക്കും. ഇതിനിടെ, ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതി നാം ചിലപ്പോൾ ഒഴിവാക്കും – പ്രഭാതഭക്ഷണം. എന്നാൽ, ഇത് ഒഴിവാക്കാൻ പാടില്ലാത്ത ഒരു കാര്യമാണ്. ഒരു ദിവസം മുഴുവൻ ഉൻമേഷവും ഊർജ്ജവും നിലനിർതുന്നതിന് പ്രഭാത ഭക്ഷണം ഒരു ആവശ്യ ഘടകമാണ് . നമുക്കാവശ്യമുളള ഊർജത്തിൻ്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന രീതിയിൽ ക്രമീകരിക്കുന്നതാണ് നല്ലത്.
നമ്മൾ ഉറങ്ങുന്ന അവസരത്തിൽ ശരീരം ഉപവാസ’ത്തിൻ്റെ അവസ്ഥയിലായിരിക്കും. പ്രഭാതത്തിലാവട്ടെ, നമ്മുടെ ശരീരം എട്ട് മുതൽ 10 മണിക്കൂർ വരെ ആഹാരം സ്വീകരിക്കാതെയിരുന്നശേഷം, ഊർജത്തിനായി വീണ്ടും ഇന്ധനം നിറയ്ക്കേണ്ട അവസ്ഥയിലെത്തിയിരിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ നമ്മുടെ മാനസികാവസ്ഥ, ശ്രദ്ധ, ബാക്കി സമയത്തെ ഭക്ഷണം കഴിക്കൽ എന്നിവയെ അത് പ്രതികൂലമായി ബാധിക്കും.
പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ തലച്ചോറിലെ കോശങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കാതെ വരുന്നു. അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളർന്നു പോവുകയും ചെയ്യുന്നത് തലച്ചോറിൻ്റെ ഊർജക്ഷാമം മൂലമാണ് .പ്രഭാത ഭക്ഷണം സമയത്ത് കഴിക്കാതെ പിന്നത്തേക്കു മാറ്റി വയ്ക്കു ന്നവർ പൊണ്ണത്തടിക്ക് വഴി ഒരുക്കുകയാണു ചെയ്യുന്നത്.പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഉണർവും ഉന്മേ ഷവും നൽകുന്നു.
ഹൃദ്യമായ ഒരു പ്രഭാതഭക്ഷണത്തോടുകൂടി (പ്രത്യേകിച്ച്, ഉയർന്നയളവിൽ പ്രോട്ടീൻ അടങ്ങിയത്) ഒരു ദിവസം ആരംഭിക്കുന്നത് ആ ദിവസത്തെ തുടർന്നുള്ള കാലറി ഉപഭോഗം കുറയ്ക്കും. ശരിയായ രീതിയിൽ പ്രഭാതഭക്ഷണം കഴിക്കുന്നവർ ലഘുഭക്ഷണങ്ങളിലൂടെ അനാവശ്യമായി കാലറി ഉപഭോഗം നടത്താൻ ശ്രമിക്കില്ല.
പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും അതുവഴി നിങ്ങൾക്ക് കൂടുതൽ ഊർജം ലഭിക്കുകയും ചെയ്യും. ശരിയായ രീതിയിൽ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലനം ചെയ്യുന്നതിനും അതുവഴി ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിനും സഹായിക്കും.