Spread the love
പുതിയ ബസ്‌സ്റ്റാൻഡ് സമുച്ചയ വികസനം: വായ്പയ്ക്ക്‌ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കും

പെരിന്തൽമണ്ണ: നഗരസഭ നിർമിച്ച മൂസക്കുട്ടി സ്‌മാരക ബസ്‌ സ്റ്റാൻഡ് സമുച്ചയത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾക്കായി കുറഞ്ഞ വായ്‌പ ലഭ്യമാക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു.

നിലവിൽ പെരിന്തൽമണ്ണയിലെ സഹകരണ ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് 10 കോടി രൂപ വായ്‌പയെടുത്തിരുന്നത്. മുൻപ് അന്നത്തെ സ്ഥലത്തിന്റെ ഈടിലായിരുന്നു വായ്‌പ. ഇപ്പോൾ ബസ്‌ സ്റ്റാൻഡ് കെട്ടിടമായതോടെ ഇതിന്റെ ഈടിൽ കൂടുതൽ തുക വായ്‌പ ലഭിക്കും.

കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ തുക വായ്‌പ ലഭിച്ചാൽ മുകൾ നിലകളടക്കമുള്ള രണ്ടാം ഘട്ട നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. പലിശ കുറഞ്ഞ്‌ വായ്‌പ ലഭിക്കുന്ന സർക്കാർ സ്ഥാപനങ്ങളെയാണ് സമീപിക്കുക. നിർമാണം പൂർത്തിയായ ഭാഗത്തിന്റെ തുക ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമുച്ചയ കരാറുകാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടർന്ന് ഒൻപതു കോടിയിലേറെ രൂപ ഒരു മാസത്തിനകം നൽകാനും കോടതി നിർദേശിച്ചിരുന്നു. ഒന്നേകാൽ കോടി രൂപ പിന്നീട് കരാറുകാർക്ക് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കമ്പോള വിലയ്ക്ക് അനുസൃതമായി കൂടുതൽ തുക വായ്‌പയെടുത്ത് തുടർ പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം തുടങ്ങിയത്. യോഗത്തിൽ നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു.

Leave a Reply