സിപിഎം നേതാവ് സി പി പ്രമോദ് നൽകിയ പരാതിയിലാണ് കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി സ്വപ്ന സുരേഷിനെതിരെ കേസ്. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കൽ , IT 65 എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പാലക്കാട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്നും,കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കൂ എന്ന് പൊലീസ് അറിയിച്ചു. മുൻ മന്ത്രി കെ ടി ജലീലും നേരത്തെ സ്വപ്നയ്ക്ക് എതിരെ കലാപ ആഹ്വാനത്തിന് ശ്രമം എന്ന് കാട്ടി പരാതി നൽകിയിരുന്നു. കെ ടി ജലീലിന്‍റെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് എടുത്ത ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് രാവിലെ ഹർജി പരിഗണിക്കുക. മുഖ്യമന്ത്രിയും കുടുംബവും മുൻ മന്ത്രിമാരും അടക്കം കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കോടതിയിൽ പറഞ്ഞതിലുള്ള പ്രതികാരമാണ് കേസിന് പിറകിലെന്നും മൊഴി തിരുത്താൻ മുഖ്യമന്ത്രിയിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും ഹർജിയിൽ സ്വപ്ന പറയുന്നു.