കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിലെത്തി വിരലടയാളം പതിപ്പിക്കണമെന്ന് സർക്കാർ. ഇൻഷുറൻസിന്‍റെ പേരിലുള്ള തട്ടിപ്പ് തടയാനാണ് പരിഷ്ക്കാരം എന്നാണ് അധികൃതരുടെ ന്യായീകരണം. കഴിഞ്ഞ മൂന്ന് ദിവസമായി അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്ട്രെച്ചറിലും ചക്ര കസേരകളിലും ഇരുത്തി കൗണ്ടറിൽ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ. നേരത്തെ രോഗിയുടെ ബന്ധുക്കൾ കൗണ്ടറിലെത്തി ഹെൽത്ത് കാർഡ് പതിപ്പിച്ചാൽ മതിയായിരുന്നു. തീരെ അവശനിലയിലുള്ള രോഗികൾ, ആശുപതി സൂപ്രണ്ടിന്‍റെ സത്യവാങ്മൂലം എഴുതി വാങ്ങിയാൽ മതി. എന്നാൽ മെഡിക്കൽ കോളേജ് പോലെ തിരക്കേറിയ സ്ഥലങ്ങളിൽ ഇതെത്രമാത്രം പ്രയോഗികമാകും എന്നതാണ് പ്രശനം. വ്യാജപേരിലും മറ്റും തട്ടിപ്പ് കണ്ടെത്തിതോടെയാണ് ആധാർ കാർഡ് സഹിതം രോഗി തന്നെ വിരലടയാളം പതിപ്പിക്കണമെന്ന ഭേദഗതി കൊണ്ടുവന്നത്.