ബെയിജിംഗ്: രാജ്യത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലും കിഴക്കൻ ചൈനയിൽ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലും കൂട്ട കൊറോണ ടെസ്റ്റിന് ഒരുങ്ങി രാജ്യം. പ്രാദേശിക തലത്തിൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ ജൂണിനെ അപേക്ഷിച്ച് മുന്നൂറിലധികം കേസുകളുടെ വർദ്ധയാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്. ആഗോള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെങ്കിലും സുരക്ഷ മുൻ നിർത്തി പലയിടങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ദശലക്ഷ കണക്കിന് ആളുകളെയാണ് ലോക്ക് ഡൗൺ ബാധിച്ചിരിക്കുന്നത്.
കിഴക്കൻ അൻഹുയി പ്രവിശ്യയിൽ ആഴ്ചയിൽ മൂന്ന് ദിവസം കൊറോണ ടെസ്റ്റ് നടത്തുമെന്ന് അറിയിച്ചു. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. അൻഹുയിലെ സി നഗരത്തിൽ 7,60,000 ജനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിനോടകം ഏഴ് റൗണ്ട് കൂട്ട പരിശോധന കഴിഞ്ഞതായും അധികാരികൾ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥരുമായി പ്രദേശിക വ്യവസായികൾ നടത്താൻ തീരുമാനിച്ചിരുന്ന കൂടിക്കാഴ്ച രോഗവ്യാപന സാഹചര്യത്താൽ മാറ്റി.
ഫുജിയാനിലെ തെക്കുകിഴക്കൻ പ്രവിശ്യ,ജിയോചെങ് ജില്ല, സിയാപു തുടങ്ങിയ ഇടങ്ങളിൽ പരിശോധന യജ്ഞം നടന്നു. നിങ്‌ഡെ പ്രദേശത്ത് ഒരു കുടുംബത്തിലെ പത്ത് പേരിൽ രോഗം സ്ഥിരീകരിച്ചു. ആകെ 380 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 339 പേരും ലക്ഷണങ്ങൾ ഇല്ലാതെ പോസറ്റീവ് ആയവരാണ്.
‘കോവിഡ് സീറോ’ ലക്ഷ്യത്തിൽ എത്തുന്നതിനായി തദ്ദേശ സ്ഥാപനങ്ങൾ വഴി കണക്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി വർധിക്കുമെന്നുള്ളതിനാൽ അനാവശ്യമായി നിയന്ത്രണങ്ങളും അടച്ചിടലും പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്.