ന്യൂഡൽഹി∙ പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി. ഇന്ത്യൻ പീനൽ കോഡ് 1860, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ (സിആർപിസി) 1973, ഇന്ത്യൻ എവിഡൻസ് ആക്ട് 1872 എന്നിവയ്ക്കു പകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ബില്ലുകള്‍ പാസാക്കിയിരുന്നു. ഡിസംബർ അവസാനം രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവച്ചതോടെ ഇവ നിയമമായി. പുതുക്കിയ നിയമങ്ങൾ പ്രകാരം തീവ്രവാദം, ആൾക്കൂട്ടാക്രമണം, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ എന്നിവയ്ക്കെതിരെ കടുത്ത ശിക്ഷകളായിരിക്കും ലഭിക്കുകയെന്നാണു വിദഗ്ധരുടെ അഭിപ്രായം.
അതേസമയം ഭാരത് ന്യായ് സംഹിതയിലെ 106 ആം വകുപ്പിലെ രണ്ടാം ഉപവകുപ്പ് മരവിപ്പിച്ചു. ഹിറ്റ് ആൻഡ് റൺ കേസിലെ ശിക്ഷ വ്യക്തമാക്കുന്ന വകുപ്പാണു മരവിപ്പിച്ചത്. ഈ വകുപ്പിനെതിരെ ഉത്തരേന്ത്യയിൽ ട്രക്ക് ഡ്രൈവർമാരിൽനിന്നടക്കം വലിയ പ്രതിഷേധം ഉയർന്നിരുന്നു.
കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾക്കു പകരമാണു പുതിയ നിയമങ്ങളെന്നും ഇന്ത്യൻ ഭരണഘടനയ്ക്കും ഇന്ത്യൻ ജനങ്ങൾക്കും ഊന്നൽ നൽകുന്നതാണു പുതിയ നിയമങ്ങളെന്നുമായിരുന്നു ബില്ലുകൾ ലോക്സഭയിലെത്തിയപ്പോൾ അമിത് ഷാ പറഞ്ഞത്.