കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങി. ഇവിടെ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതിയ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍ ബില്‍ഡിങിലാണ് (എന്‍.ഐ.ടി.ബി) 16 ഡൈനാമിക് എമിഗ്രേഷന്‍ ഇ-കൗണ്ടറുകളോടു കൂടിയ പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനമാരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് കോവിഡിന് മുമ്പുള്ള ശേഷിയിലേക്കെത്തിയ സാഹചര്യത്തില്‍ പുതിയ കൗണ്ടറുകള്‍ പ്രവര്‍ത്തനം തുടങ്ങിയത് എമിഗ്രേഷന്‍ ക്ലിയറന്‍സ് വേഗത്തിലാക്കും. ഒരേസമയം 600 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് എമിഗ്രേഷന്‍ ഏരിയ. വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ എമിഗ്രേഷന്‍ ഏരിയ പ്രവര്‍ത്തനം തുടങ്ങിയത്.
ഡൈനാമിക് സൈനേജോടു കൂടിയതാണ് പുതിയ എമിഗ്രേഷന്‍ കൗണ്ടറുകള്‍. ഇന്ത്യന്‍/ വിദേശ പാസ്‌പോര്‍ട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍, ഇ- വിസ, അംഗപരിമിതര്‍, മുതിര്‍ന്ന യാത്രക്കാര്‍, ജീവനക്കാര്‍, വിദേശ നയതന്ത്രജ്ഞര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. 16 കൗണ്ടറുകള്‍ നിരയായാണ് സജ്ജീകരിച്ചിരിക്കുന്നത്. എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് ശേഷം യാത്രക്കാര്‍ക്ക് പ്രീ എംബാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക്ക് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന് ഓരോ കൗണ്ടറിലും ഒരു ഇ-ഗേറ്റ് ഘടിപ്പിച്ചിരിക്കും. പുതിയ ബ്ലോക്കുകളുടെ തുടക്കം മുതല്‍ ഈ സൗകര്യങ്ങള്‍ അന്താരാഷ്ട്ര ആഗമന ടെര്‍മിനലില്‍ ഉണ്ടായിരുന്നെങ്കിലും ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ എമിഗ്രേഷന്‍ ഫിസിക്കല്‍ കൗണ്ടറുകളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്.സുരേഷ് പുതിയ എമിഗ്രേഷന്‍ ഏരിയയുടെ കമ്മീഷനിങ് നിര്‍വഹിച്ചു. ചടങ്ങില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.