സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് എന്ന് പരാതി. എണ്ണൂറോളം പേർ ഈ അക്കൗണ്ട് ഉപയോഗിക്കുന്ന വ്യക്തിയുടെ സൗഹൃദ പട്ടികയിലുണ്ട്. വിസ്മയ വിജിത്ത് എന്ന പേരിലാണ് അക്കൗണ്ട് നിർമ്മിച്ചിരിക്കുന്നത്. വിസ്മയ, വിസ്മയയുടെ സഹോദരൻ വിജിത്ത്, വിജിത്തിന്റെ ഭാര്യ ഡോ. രേവതി എന്നിവരുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കിൽ പുതിയ അക്കൗണ്ട് രൂപീകരിച്ചിരിക്കുന്നതെന്നാണ് പരാതി. ഈ അക്കൗണ്ടിൽ നിന്നും വിസ്മയയുടെ ബന്ധുക്കൾക്ക് റിക്വസ്റ്റുകൾ വന്നതിനെ തുടർന്നാണ് പരാതി നൽകിയത്. വ്യാജ അക്കൗണ്ടിനെ സംബന്ധിച്ച് സൈബർ സെൽ അന്വേഷണം നടത്തുകയാണെന്ന് കൊല്ലം റൂറൽ എസ് പി വ്യക്തമാക്കി. വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയും.