Spread the love
അറബിക്കടലില്‍ പുതിയ ചക്രവാതച്ചുഴി, മഴ കനക്കുമെന്ന്‌ മുന്നറിയിപ്പ്‌

അറബിക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുടനീളം കനത്ത മഴയ്‌ക്കു സാധ്യത ഉണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച്‌ അലര്‍ട്ടും കാസര്‍കോട്‌ ഉള്‍പ്പെടെയുള്ള മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.അതേസമയം തിരുവനന്തപുരം, കന്യാകുമാരി ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്‌. നാഗര്‍ കോവിലിനടുത്ത്‌ മൂന്നിടത്ത്‌ റെയില്‍വെ ട്രാക്കിലേയ്‌ക്ക്‌ മണ്ണിടിഞ്ഞ്‌ വീണ്‌ ഗതാഗതം തട്ടസ്സപ്പെട്ടു. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന്‌ ജില്ലാ കലക്‌ടര്‍ പറഞ്ഞു.തിരുവനന്തപുരത്ത്‌ കണ്‍ട്രോള്‍ റൂം തുറന്നു.
അതേസമയം മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പ്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിക്കേണ്ട സാധ്യത ഇടുക്കിയില്‍ ഇല്ലെന്നു ജലവിഭവ വകുപ്പ്‌ മന്ത്രി പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‌ സമീപം പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം നാളെയോടെ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്ന്‌ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ്‌ അറിയിപ്പില്‍ പറഞ്ഞു.

Leave a Reply