Spread the love

വടകര : 24ന് നടക്കുന്ന നവകേരള സദസ്സിന്റെ വടകര നിയോജക മണ്ഡലം പരിപാടിക്കു വേണ്ടി വൻ ഒരുക്കം. നാരായണ നഗറിലെ പന്തലിൽ 7,500 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കി. പൊതു ജനത്തിന് പരാതി നൽകാൻ 18 കൗണ്ടറും 2 ഹെൽപ് ഡെസ്കും ഏർപ്പെടുത്തും. ഉച്ചയ്ക്ക് 1 മുതൽ പരാതി നൽകാൻ സൗകര്യമുണ്ടാകും.

24ന് രാവിലെ 9 ന് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന പ്രഭാത യോഗം നടക്കും. വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 300 പേർ പൊതു പ്രശ്നങ്ങൾ മന്ത്രിമാരുമായി പങ്കുവയ്ക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സി.കെ.നാണു, കൺവീനർ കെ.പി.ബിന്ദു എന്നിവർ അറിയിച്ചു.

തുടർന്ന് മറ്റു മണ്ഡലത്തിലെ പരിപാടികൾക്കു ശേഷം വൈകിട്ട് 5 ന് നാരായണ നഗറിലെ സദസ്സിൽ മുഖ്യമന്ത്രി പ്രസംഗിക്കും. കലാ സാംസ്കാരിക പരിപാടിയിൽ വി.ടി.മുരളി, താജുദ്ദീൻ, ലിസി മുരളീധരൻ എന്നിവരും വിവിധ കളരി സംഘങ്ങളും പങ്കെടുക്കും. 23 ന് രാത്രി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംഘം വടകരയിൽ എത്തും. താമസിക്കാൻ ക്രാഫ്റ്റ് വില്ലേജ്, ലോകനാർകാവ് ഗെസ്റ്റ് ഹൗസ്, ക്രിസ്റ്റൽ സ്യൂട്ട് എന്നിവിടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Leave a Reply