അപേക്ഷയുമെഴുതി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കാത്തു നില്‍ക്കുന്ന സമ്പ്രദായത്തോട് ഇനി മുതല്‍ അന്നമനടക്കാര്‍ക്ക് ഗുഡ്‌ബൈ പറയാം. പഞ്ചായത്ത് സേവനങ്ങളെയെല്ലാം മൊബൈല്‍ ആപ്പിലാക്കി പുതിയ മാറ്റത്തിന് തുടക്കമിടുകയാണ് അന്നമനട പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിന്റെ സ്വന്തം ആപ്ലിക്കേഷന്‍ എല്ലാ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും ലഭ്യമാക്കിയാണ് സേവനത്തിനായുള്ള പുതിയ രീതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഏത് സേവനങ്ങളും എപ്പോള്‍ വേണമെങ്കിലും നമുക്ക് നടത്താവുന്നതാണ്.
ലോക്ഡൗണ്‍ സമയത്ത് ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍ പൊതു ജനങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസില്‍ വരാതെ ആവശ്യമായ സേവനങ്ങള്‍ എങ്ങനെ നല്‍കാം എന്ന ചിന്തയില്‍ നിന്നാണ് മൊബൈല്‍ ആപ്പ് എന്ന ആശയം ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് പറയുന്നു.
അധികം വൈകാതെ ആപ്പിന്റെ സേവനം അന്നമനടക്കാര്‍ക്ക് ലഭ്യമാക്കും.
പഞ്ചായത്ത്
ആപ്പ്
എങ്ങനെ?
സ്മാര്‍ട്ട് ഫോണ്‍ ഉള്ള ഏതൊരാള്‍ക്കും പ്ലേസ്റ്റോറില്‍ നിന്നും അന്നമനട പഞ്ചായത്ത് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ലളിതമായ വാക്കുകളിലാണ് ഓരോ കാര്യങ്ങളും ആപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് ആവശ്യമാണോ നമുക്കുള്ളത് അതുമായി ബന്ധപ്പെട്ട ബോക്‌സില്‍ ടച്ച് ചെയ്ത് വേണ്ട വിവരങ്ങള്‍ നല്‍കി നമുക്ക് ഉടന്‍ സേവനം ഉറപ്പാക്കാം. കൂടുതല്‍ സംശയ നിവാരണങ്ങള്‍ക്ക് പഞ്ചായത്തിനെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, മെയില്‍ ഐഡി തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്പിലുണ്ട്. ഒരു പ്രാവശ്യം ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് പഞ്ചായത്തിന്റെ പ്രധാനപ്പെട്ട എല്ലാ നോട്ടിഫിക്കേഷനും മെസ്സേജായി
ലഭിക്കും.
ആപ്പിനെ പരിചയപ്പെടാം
കൂടുതല്‍ സൗകര്യത്തിനായി മലയാളത്തിലാണ് ആപ്പില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സേവനങ്ങളും രേഖകളും, മെമ്പര്‍മാരുടെ വിവരങ്ങള്‍, ആരോഗ്യ രംഗത്തെ അവശ്യ സര്‍വീസിനായി ബ്ലഡ് ബാങ്ക് വിവരങ്ങള്‍, മറ്റു പ്രധാന നമ്പറുകള്‍ എന്നിവയാണ് പ്രധാനപ്പെട്ട നാല് ഐക്കണുകള്‍. ഇതില്‍ സേവനങ്ങള്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ ലഭ്യമായ എല്ലാ വിവരങ്ങളുടേയും നീണ്ട പട്ടിക നമുക്ക് ലഭിക്കും.
വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍, വിവാഹ രജിസ്‌ട്രേഷന്‍ തിരുത്തലുകള്‍, ജനന മരണ രജിസ്‌ട്രേഷന്‍, കെട്ടിട നിര്‍മ്മാണ എന്‍ ഒ സി, കെട്ടിട നമ്പര്‍ ലഭിക്കുന്നതിനുള്ള പെര്‍മിറ്റ് എന്നിങ്ങനെ നാല്‍പതോളം സേവനങ്ങളുടെ പട്ടികയില്‍ നിന്നും ആവശ്യമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
പ്രസിഡന്റ് നല്‍കുന്ന സേവനങ്ങളുടെ വിവരങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നു. ലൈഫ് സര്‍ട്ടിഫിക്കറ്റ്, തൊഴില്‍ രഹിതരാണെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ഒപ്പും പകര്‍പ്പും സാക്ഷ്യപ്പെടുത്തല്‍, വ്യക്തിഗത തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയുള്ള വിവിധ സേവനങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നു.
കുറഞ്ഞസമയം
കൂടുതല്‍
സേവനങ്ങള്‍
പഞ്ചായത്ത് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഫോണ്‍ നമ്പറും ആപ്പിലുണ്ട്. കൃഷി,ഇറിഗേഷന്‍, വില്ലേജ് ഓഫീസ്, ആശുപത്രി, വിദ്യാഭ്യാസം, ബാങ്കിംഗ്, വൈദ്യുതി തുടങ്ങിയവയുടെ നമ്പറുകളാണ് നല്‍കിയിട്ടുള്ളത്. ഇതിന് പുറമെ സമീപ പഞ്ചായത്തുകളിലെയും കലക്ടറേറ്റ്, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ ജില്ലാ ഓഫീസ് നമ്പറുകളും നല്‍കിയിട്ടുണ്ട്. അവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാനായി ആംബുലന്‍സ്, ടാക്‌സി
നമ്പറുകളും നല്‍കിയിട്ടുണ്ട്.
വിവരവകാശ അപേക്ഷകളും മറ്റും നല്‍കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങളും ആപ്പില്‍ കാണാം. പൊതുജനങ്ങള്‍ക്കുള്ള പരാതികളും മറ്റും നല്‍കുന്നതിനായി ബന്ധപ്പെടേണ്ട തദ്ദേശ സ്വയംഭരണ ഓമ്പുഡ്‌സ്മാന്റെയും ട്രൈബ്യൂണലിന്റെയും വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
പെന്‍ഷന്‍ സംബന്ധിച്ച വിവരങ്ങള്‍, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വസ്തു നികുതി, ഉടമസ്താവകാശം എന്നി മുന്‍ഗണന വിഭാഗങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി ഹോം പേജില്‍ തന്നെ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അന്നമനടയിലെ അനശ്വര നിധി ലിമിറ്റഡിന്റെ ധന സഹായത്തോടെയാണ് ആപ്പ് പുറത്തിറക്കുന്നത്.