ഗർഭഛിദ്രം നടത്തേണ്ട സമയപരിധി 20 ആഴ്ചയിൽ നിന്ന് 24 ആഴ്ചയായി ഉയർത്തി. ലൈംഗികാതിക്രമത്തിന് ഇരയായവർക്കും, വിവാഹബന്ധം വേർപ്പെടുത്തിയവർക്കുമാണ് ഗർഭഛിദ്രത്തിന് കൂടുതൽ സമയം അനുവദിച്ചത്.
ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ, ഭർത്താവ് മരിക്കുകയോ ചെയ്തവർ, ഗുരുതര ശാരീരിക – മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് ഗർഭഛിദ്രം 24 ആഴ്ചയ്ക്കുള്ളിൽ വരെ നടത്താം എന്നതാണ് പ്രധാന ഭേദഗതി. പന്ത്രണ്ട് ആഴ്ച്ചയ്ക്ക് മുകളിലുള്ളവരുടെ ഗർഭഛിദ്രം നടത്താൻ രണ്ട് ഡോക്ടർമാരുടെ അനുമതി വേണം എന്നാണ് നിലവിലെ നിയമം. ഇനി മുതൽ ഒരു ഡോക്ടറുടെ അനുമതി മതിയാകും.
ഗർഭിണിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഗർഭഛിദ്രം അനുവദിക്കണോ വേണ്ടയോ എന്ന് സംസ്ഥാന തലത്തിൽ രൂപീകരിച്ച മെഡിക്കൽ സമിതിയാകും ഇതിൽ തീരുമാനമെടുക്കുക. സുരക്ഷാ നടപടികളും കൗൺസലിങ്ങും സമിതി ഉറപ്പാക്കണം. കഴിഞ്ഞ മാർച്ചിൽ പാർലമെൻറിൽ പാസാക്കിയ ഭേദഗതിക്കുള്ള വിജ്ഞാപനമാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്.