കോവിഡ് വന്നവർക്ക് ഒറ്റ ഡോസ് കോവാക്സിൻ മതിയാകുമെന്ന് പുതിയ പഠനം.
ന്യൂഡൽഹി : കോവിഡ് വന്നുപോയവർക്ക് കോവാക്സിന്റെ ഒറ്റ ഡോസ് എടുക്കുമ്പോൾ തന്നെ 2 ഡോസിന്റെ ഫലം കിട്ടുന്നുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പ്രാരംഭപഠനത്തിൽ കണ്ടെത്തി. 114 പേരിലാണ് പ്രാരംഭ പഠനം നടത്തിയത്. കൂടുതൽ പേരെ നിരീക്ഷിക്കുമ്പോഴും സമാന ഫലമാണെങ്കിൽ കോവിഡ് വന്നുപോയവർക്കു കോവാക്സിന്റെ ഒറ്റ ഡോസ് മതിയാകുമെന്ന ശുപാർശ ഐസിഎംആർ നൽകും.ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നു വികസിപ്പിച്ച കോവാക്സീൻ കോവിഡ് പിടിപെട്ടവരിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നാണു പഠിച്ചത്.
കോവിഡ് ബാധിക്കാത്തവർ 2 ഡോസ് വാക്സീനെടുക്കുമ്പോൾ ലഭിക്കുന്ന അതേ പ്രതിരോധ ശേഷി, വൈറസ് ബാധയ്ക്കു ശേഷം ഒറ്റ ഡോസ് കൊണ്ടു തന്നെ ലഭിക്കും. ആരോഗ്യപ്രവർത്തകരും കോവിഡ് മുൻനിര പോരാളികളും ഉൾപ്പെട്ടതായിരുന്നു പഠനം. ഫെബ്രുവരി മുതൽ മേയ് വരെ കോവിഡ് വന്നവരെയും കോവാക്സിൻ സ്വീകരിച്ചവരെയും വൊളന്റിയർമാരാക്കി രക്ത സാംപിൾ ശേഖരിച്ചു. ആദ്യ ഡോസ് വാക്സീൻ എടുക്കും മുൻപും ശേഷവും ആന്റിബോഡി പരിശോധിച്ചു. നേരത്തെ കോവിഡ് പിടിപെട്ടവരിൽ 2 പേരിലൊഴികെ മറ്റെല്ലാവരിലും വാക്സീനെടുക്കും മുൻപു തന്നെ ആന്റിബോഡി സാന്നിധ്യം കൂടുതലായി കണ്ടെത്തി.തുടർപഠനത്തിലും സമാനഫലം ലഭിച്ചാൽ വാക്സീൻ നയത്തിൽ മാറ്റം വരാനാണ് സാധ്യത.