
തിരുവനന്തപുരം: കുട്ടികളില്‍ തൊഴില്‍മനോഭാവം വളര്‍ത്താന്‍ അഞ്ചാംക്ലാസ് മുതല്‍ പാഠപുസ്തകങ്ങളില്‍ തൊഴില്‍പഠനം ഉള്‍ക്കൊള്ളിച്ചു. ആഴ്ചയില്‍ രണ്ടുദിവസമുള്ള പ്രവൃത്തിപരിചയക്ലാസുകള്‍ ഇതിനായി വിനിയോഗിക്കും. ഒരു കുട്ടി പത്താംക്ലാസ് പഠിച്ചിറങ്ങുമ്പോള്‍ സ്വന്തംവീട്ടിലെ ജോലികളൊക്കെ ചെയ്യാന്‍ പ്രാപ്തമാക്കലാണ് ലക്ഷ്യം.
പിന്നീട്, ഹയര്‍സെക്കന്‍ഡറിയില്‍ പ്രത്യേക തൊഴില്‍മേഖലയില്‍ പ്രാവീണ്യം വളര്‍ത്താനുള്ള പാഠഭാഗങ്ങള്‍ വരും. പ്ലസ്ടു പഠിച്ചിറങ്ങുമ്പോള്‍ ഏതു തൊഴില്‍മേഖലയിലേക്ക് തിരിയണമെന്ന ലക്ഷ്യബോധമുണ്ടാക്കും.
തൊഴില്‍പരിചയം അനുഭവാടിസ്ഥാനത്തില്‍ പഠിപ്പിക്കാന്‍ പാകത്തിലുള്ളതാണ് ഉള്ളടക്കം. ഇതിനായി വിദ്യാര്‍ഥികള്‍ക്ക് വര്‍ക്ക് ബുക്കുണ്ടാവും.
തൊഴിലുകള്‍:
കൃഷി, ഭക്ഷ്യവ്യവസായം, പാര്‍പ്പിടം, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, പ്ലംബിങ്, മാലിന്യസംസ്‌കരണം, കരകൗശലം, സാമ്പത്തികസാക്ഷരത.
ഐ.ടി. നിലവില്‍ പാഠ്യവിഷയമായതിനാല്‍ തൊഴിലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുട്ടികള്‍തന്നെ വരച്ച ചിത്രം പാഠഭാഗങ്ങളില്‍ ചേര്‍ത്തതാണ് മറ്റൊരു സവിശേഷത.
കായികവിദ്യാഭ്യാസത്തിന്റെ ഭാഗമായി യോഗ ഉള്‍പ്പെടെയുള്ള വ്യായാമമുറ പരിശീലിപ്പിക്കും. കിളിത്തട്ടുകളി പോലുള്ള നാടന്‍കളികളും പഠിപ്പിക്കും. കുട്ടികളുടെ ശാരീരികക്ഷമത ഉറപ്പാക്കും. ആഴ്ചയില്‍ മൂന്നു പീരിയഡ് ഉപയോഗിക്കും. വേണമെങ്കില്‍ രാവിലെയും വൈകീട്ടും സമയം കണ്ടെത്തും.
നാടന്‍പാട്ടുമുതല്‍ ഡിസൈനിങ് വരെ ഉള്ളതാണ് കലാവിദ്യാഭ്യാസം. ആഴ്ചയില്‍ മൂന്നു പീരിയഡിലാണ് പഠനം. ഗദ്ദിക പോലുള്ള നാടന്‍കലകള്‍, പടയണി, കുമ്മാട്ടി, നാടകം, നൃത്തം തുടങ്ങിയവ പഠിപ്പിക്കും. സംഗീതത്തില്‍ നാടന്‍പാട്ട്, ഹിന്ദുസ്ഥാനി, ലോക ക്ലാസിക്ക് തുടങ്ങിയവ ഉള്‍പ്പെടുത്തി. ചിത്രം, ശില്പം, പരസ്യം, ഡിസൈനിങ് തുടങ്ങിയവ കലാവിദ്യാഭ്യാസത്തിലുണ്ട്.