ഭോപ്പാൽ: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായി വർദ്ധിക്കുന്നതിനിടെ ആശങ്കയായി ഒമിക്രോണിന്റെ പുതിയ വകഭേദം. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്. കൊറോണ ബാധിച്ചവരിൽ നടത്തിയ പരിശോധനയിൽ 16 പേർക്ക് പുതിയ വകഭേദം കണ്ടെത്തി. ഇതിൽ ആറ് പേരും കുട്ടികളാണ്.
ജനുവരി ആറു മുതൽ നടത്തിയ പരിശോധനകളിൽ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 16 കേസുകൾ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ചെയർമാൻ വിനോദ് ഭണ്ഡാരി അറിയിച്ചു. ഇതിൽ ആറ് കുട്ടികളിൽ ഒമിക്രോണിന്റെ പുതിയ വകഭേദമാണ് കണ്ടെത്തിയത്. ഒരാൾ നവജാത ശിശുവാണെന്നാണ് റിപ്പോർട്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബിഎ.1 ഉം ചിലരിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പലരും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് വിദഗ്ധർ പറയുന്നത്.
ഒമിക്രോണിന്റെ വകഭേദങ്ങൾ അതിനേക്കാൾ അപകടകാരിയാകാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. ശ്വാസകോശ സംബന്ധമായ രോഗമുള്ളവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്ത് അതിവേഗത്തിൽ വ്യാപിക്കുന്ന ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ സംബന്ധിച്ച് പഠനങ്ങൾ പുരോഗമിക്കുകയാണ്.