കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ കാണാതായത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണെന്ന് കോട്ടയം ഡിഎംഒ രഞ്ജൻ.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സംഭവമറിഞ്ഞ ഉടൻ അതിവേഗത്തിൽ ഉണർന്നു പ്രവർത്തിച്ച് കുഞ്ഞിനെ കണ്ടെത്തിയ ഗാന്ധി നഗർ പോലീസിന് നന്ദി അറിയിക്കുന്നതായും ഡിഎംഒ പ്രതികരിച്ചു.
ആശുപത്രിയിൽ നിന്ന് ഇത്രയും ആളുകൾക്ക് ഇടയിലൂടെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ച കുട്ടിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയെന്നും അമ്മയും കുട്ടിയും സന്തോഷമായി ഇരിക്കുന്നുവെന്നും ഡിഎംഒ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ടോടെ വേഷപ്പകർച്ചയിലെത്തിയ സ്ത്രീ കുട്ടിക്ക് മഞ്ഞ നിറമുണ്ടെന്നും എംഐസിയുവിലേക്ക് മാറ്റണമെന്നും പറഞ്ഞാണ് അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയത്. സ്ത്രീ നഴ്സിന്റെ കോട്ടിട്ടതിനാൽ അമ്മയ്ക്ക് ഇവരെക്കുറിച്ച് സംശയവും തോന്നിയിരുന്നില്ല. അൽപം നേരം കഴിഞ്ഞാണ് ഇവർ സംഭവം നഴ്സിങ് സ്റ്റേഷനിലെത്തി പറഞ്ഞത്.
ഉടൻതന്നെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. അൽപസമയത്തിനകം തന്നെ ആശുപത്രിക്ക് സമീപത്തുനിന്ന് കുട്ടിയെ പോലീസ് കണ്ടെത്തിയെന്നും ഡിഎംഒ വിശദീകരിച്ചു.
നേരത്തെ ഡെന്റിസ്റ്റാണെന്ന് ചമഞ്ഞ് ഡെന്റൽ കോളേജിൽ വേഷപകർച്ച നടത്തിയെത്തിയിരുന്ന സ്ത്രീയാണ് ഈ സംഭവത്തിന് പിന്നിലെന്നും സംശയിക്കുന്നു. ആ സ്ത്രീ തന്നെയാണ് പ്രതിയെങ്കിൽ അവർക്ക് മാനസികമായി വല്ല പ്രശ്നങ്ങളുണ്ടായേക്കാമെന്നും ഡിഎംഒ കൂട്ടിച്ചേർത്തു.