വെള്ളിത്തിരയിലും ജീവിതത്തിലും പടപൊരുതി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ഭാവന. ഇപ്പോഴിതാ വിവാഹമോചിതയാവുകയാണെന്ന ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. കന്നഡ സിനിമാവ്യവസായത്തിലെ തിരക്കേറിയ നിർമാതാവാണ് ഭാവനയുടെ ഭർത്താവ് നവീൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാവന വിവാഹമോചന വാർത്തകളിൽ വ്യക്തത വരുത്തിയത്.
ഭർത്താവുമൊത്തുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യാത്തതുകാരണം അവരെന്നെ വിവാഹമോചിതയെന്നാണ് വിളിക്കുന്നത്. ഞങ്ങൾ ഇപ്പോഴും ഒരുമിച്ച് തന്നെയാണ് ജീവിക്കുന്നത്. സ്വകാര്യതയെ മാനിക്കുന്ന വ്യക്തിയാണ് ഞാൻ. ഞാൻ ഏതെങ്കിലും ചിത്രം പോസ്റ്റ് ചെയ്താലും ആളുകൾ ഓരോ ഊഹാപോഹ കഥകൾ ഉണ്ടാക്കുകയും ചെയ്യും. ഞങ്ങളുടെ ബന്ധം തെളിയിക്കാനായി സെൽഫികൾ പോസ്റ്റ് ചെയ്യേണ്ടതുണ്ടോ?’ ഭാവന അഭിമുഖത്തിൽ ചോദിക്കുന്നു.
തമിഴിൽ നിരവധി വലിയ പ്രോജക്റ്റുകൾ ശ്രദ്ധക്കുറവ് കാരണം വിട്ടുപോയെന്നും ഭാവന പറയുന്നു. സിനിമാസെറ്റുകളെ വെക്കേഷൻ ട്രിപ്പുകൾ പോലെയാണ് കണ്ടത്. അതുകൊണ്ടുതന്നെ നിരവധി വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തേണ്ടി വന്നു. വിജയുടെ ബിഗ് ബജറ്റ് ചിത്രം പുലിയിൽ ഹൻസിക മോട്വാണിയുടെ വേഷം കൈകാര്യം ചെയ്യാൻ ആദ്യം പരിഗണിച്ചത് ഭാവനയെയാണെന്നും നടി അഭിമുഖത്തിൽ വെളിപ്പെടുത്തി
ഭാവനയുടെ ദ ഡോർ എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 12 വർഷത്തിനു ശേഷം ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാവനയുടെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ ഭാവനയുടെ ഭർത്താവ് നവീൻ രാജനാണ് നിർമിക്കുന്നത്. മാർച്ച് 28-നെത്തുന്ന ഈ ആക്ഷൻ ഹൊറർ ത്രില്ലർ ചിത്രം സഫയർ സ്റ്റുഡിയോസ്സാണ് തീയേറ്ററിൽ എത്തിക്കുന്നത്. ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു.