ഡൽഹി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കേരളത്തിന് അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും 48 മണിക്കൂറിന് ശേഷം മഴ കുറയാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മണിക്കൂറിൽ എട്ട് മുതൽ 12 സെന്റീമീറ്റർ വരെ മഴയാണ് ഇപ്പോൾ പെയ്യുന്നതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ് ആർ.കെ ജനാമണി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ രൂക്ഷമാകാൻ സാധ്യതയുള്ള ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജാഗ്രതാ നിർദേശങ്ങൾ നൽകുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമാണെന്നും 24 മണിക്കൂർ കൂടുന്തോറും വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മുന്നറയിപ്പിൽ മാറ്റം വന്നേക്കാമെന്നും ആർ കെ ജനാമണി പറഞ്ഞു. അടുത്ത തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ന്യൂനമർദം രൂപപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്.