പാരിസ് ∙ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ എന്നിവർക്ക് പിന്നാലെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മാറും സൗദി പ്രോ ലീഗിലേക്ക്. 98.5 മില്യൻ ഡോളറിനാണ് നെയ്മാറെ പിഎസ്ജിയില്‍നിന്ന് അല്‍ ഹിലാല്‍ ടീമിലെത്തിക്കുന്നത്. രണ്ട് വർഷത്തേക്കാണ് കരാർ. കൈമാറ്റം സംബന്ധിച്ച് ഇരു ക്ലബ്ബുകളും ധാരണയിലെത്തി.
അല്‍ ഹിലാലില്‍ 88 മില്യൻ ഡോളറായിരിക്കും നെയ്മാര്‍ക്ക് സീസണിലെ പ്രതിഫലം. ഫുട്ബോൾ ട്രാൻഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോയാണ് നെയ്മാറുടെ സൗദി പ്രോ ലീഗിലേക്കുള്ള ചുവടുമാറ്റം ആദ്യം പുറത്തുവിട്ടത്.പിഎസ്ജി വിടാന്‍ തീരുമാനിച്ച നെയ്മാര്‍ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് താരം സൗദി പ്രോ ലീഗിൽ കളിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
2017ല്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് നെയ്മാര്‍ ബാഴ്സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് എത്തിയത്. ക്ലബ്ബിനൊപ്പം ആറ് സീസണ്‍ പൂര്‍ത്തിയാക്കിയെങ്കിലും ടീമിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സീസണൊടുവില്‍ ക്ലബ്ബ് വിട്ടതോടെയാണ് പിഎസ്ജി വിടാനുള്ള തീരുമാനം നെയ്മാര്‍ ഉറപ്പിച്ചത്. അതേസമയം ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പിഎസ്ജിയിൽ തുടരും.