Spread the love

കോഴിക്കോട്∙ കേന്ദ്രവും കേരളവും ഉടക്കിയതോടെ പട്ടിണിയിലായി എൻഎച്ച്എം (നാഷനൽ ഹെൽത്ത് മിഷൻ) ജീവനക്കാർ. ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ജോലി ചെയ്യുന്ന സംസ്ഥാനത്തെ 13,000ത്തോളം ആരോഗ്യ പ്രവർത്തകർക്കു വേതനം ലഭിച്ചിട്ടു രണ്ട് മാസമായി. കേന്ദ്രം പണം നൽകുന്നില്ലെന്നറിയിച്ചാണ‌ു സംസ്ഥാനം വേതനം വിതരണം ചെയ്യാത്തത്.

60 ശതമാനം ഫണ്ട് നൽകുന്ന കേന്ദ്ര സർക്കാരിന്റെ കൂടി നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നു പൊതുജനങ്ങളെ അറിയിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പേര് ആയുഷ്മാൻ ഭവ എന്നാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടതോടെയാണു പ്രശ്നം ആരംഭിച്ചത്. കേന്ദ്രത്തിന്റെ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. കേന്ദ്രം നൽകുന്ന വിഹിതം നിലയ്ക്കാൻ കാരണം ഇതാണെന്നാണു വിവരം.

കേന്ദ്രസർക്കാരിന്റെ 60 ശതമാനവും സംസ്ഥാന സർക്കാരിന്റെ 40 ശതമാനവും തുക ഉപയോഗിച്ചാണു ജീവനക്കാർക്കു ശമ്പളം നൽകുന്നത്. ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറപ്പിസ്റ്റ്, ആശാ പ്രവർത്തകർ, ക്ലറിക്കൽ ജീവനക്കാർ തുടങ്ങിയ തസ്തികകളിൽ എൻഎച്ച്എം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കരാർ അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്യുന്നത്.

സംസ്ഥാന സർക്കാർ ജീവനക്കാർക്കു ശമ്പളം ലഭിക്കാൻ രണ്ട് ദിവസം വൈകിയപ്പോൾ ഇവർ സമരത്തിനിറങ്ങിയതിനെത്തുടർന്നു ശമ്പളം ലഭിച്ചു. എന്നാൽ ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും എൻഎച്ച്എം ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ തീരുമാനമായില്ല.

ഇതിനിടെ സംസ്ഥാന സർക്കാർ വേതനം നൽകിയിരുന്ന ആശാ പ്രവർത്തകരെ എൻഎച്ച്എമ്മിനു കീഴിലാക്കിയതോടെ ഇവരുടെ വേതനവും പ്രതിസന്ധിയിലായി. ജോലിയിൽനിന്ന് പിരിച്ചുവിട്ടാലോ എന്ന് പേടിച്ച് വലിയരീതിയിലുള്ള സമരം ആരംഭിക്കാനും ഇവർ മടിക്കുകയാണ്. നിവർത്തിയില്ലാതായതോടെയാണ് ഇവർ പ്രത്യക്ഷ സമരത്തിലിറങ്ങിയത്. പട്ടിണിക്കഞ്ഞി വച്ചും വായ്‌മൂടിക്കെട്ടിയും ഒരു മണിക്കൂർ ജോലി ബഹിഷ്കരിച്ചും സമരം നടത്തി. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുഭാവപൂർണമായ യാതൊരു നടപടിയും ഉണ്ടായില്ല.

Leave a Reply