
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി ബീഹാറിലെ 30 സ്ഥലങ്ങളിൽ തിരച്ചിൽ ആരംഭിച്ചു. സംസ്ഥാനത്തെ ഛപ്ര, അരാരിയ, ഔറംഗബാദ്, കിഷൻഗഞ്ച്, നളന്ദ, ജെഹാനാബാദ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജൂലൈയിൽ അന്വേഷണം ആരംഭിച്ചിരുന്നു. രാജ്യത്ത് നടന്ന പൗരത്വ (ഭേദഗതി) നിയമ വിരുദ്ധ പ്രതിഷേധങ്ങൾ, 2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപം, ഉത്തർ പ്രദേശിലെ ഹത്രാസിൽ ദളിത് സ്ത്രീയുടെ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ടുമൊക്കെ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണ്.2006-ൽ കേരളത്തിൽ രൂപീകൃതമായ പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനം ഡൽഹിയാണ്. മുഹമ്മദ് ജലാലുദ്ദീനും അതർ പർവേസിനും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജല്ലാവുദ്ദീന് നേരത്തെ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധമുണ്ടായിരുന്നു. ഇവർ വാളുകളും കത്തികളുമൊക്കെ എങ്ങനെ ഉപയോഗിക്കണമെന്ന് നാട്ടുകാരെ പഠിപ്പിക്കുകയും വർഗീയ കലാപത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്തെന്ന് കണ്ടെത്തിയിട്ടുണ്ട്.