Spread the love
എൻഐഎയുടെ ഏറ്റവും വലിയ നീക്കം, റെയ്ഡ് 13 സംസ്ഥാനങ്ങളിൽ, 100ഓളം എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഇ ഡിയും എൻഐഎയും നടത്തുന്ന ഏറ്റവും വലിയ നീക്കമാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ നാടകീയമായി നടത്തിയത്. 13 സംസ്ഥാനങ്ങളിലാമ് ഇ ഡിയും എൻഐഎയും സംയുക്തമായി റെയ്ഡ് നടത്തിയത്. സംസ്ഥാന പോലീസിന്റെയും പിന്തുണയോടെയായിരുന്നു പല സംസ്ഥാനങ്ങളിലും റെയ്ഡ് നടത്തിയിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ‌. പുലര്‍ച്ചെ 3.30-നാണ് എല്ലായിടത്തും റെയ്ഡുകള്‍ തുടങ്ങിയതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡിന്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദീന്‍ എളമരം എന്നിവരടക്കം നൂറോളം പേരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് മാത്രം 22ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും 20പേരും തമിഴ്നാട്ടിൽ നിന്ന് 10 പേരുമാണ് കസ്റ്റഡിയിലുള്ളത്. അസമില്‍നിന്ന് 9, ഉത്തര്‍പ്രദേശില്‍നിന്ന് 8, ആന്ധ്രാപ്രദേശില്‍നിന്ന് 5 , മധ്യപ്രദേശില്‍നിന്ന് 4 , ഡല്‍ഹി, പുതുച്ചേരി എന്നിവിടിങ്ങളിൽ നിന്ന് 3 പേർ. എന്നിങ്ങനെ യാണ് കസ്റ്റഡിയിലെടുത്തവരുടെ കണക്കുകൾ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

കര്‍ണാടകയിലെ മംഗളൂരുവില്‍ എന്‍ഐഎ റെയ്ഡിനെതിരെ പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം നടത്തിക പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ദിന്‍കര്‍ ഗുപ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രാജ്യവ്യാപക റെയ്ഡ് നടക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം റെയ്ഡിന് വേണ്ട എല്ലാ സജീകരണങ്ങളും ഒരുക്കുകയായിരുന്നു.

ഇന്ത്യയിലെ ഇസ്ലാമിക് സംഘടനകൾക്ക് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് ഖത്തർ, കുവൈറ്റ്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഫണ്ട് ലഭിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. രാജ്യത്തുടനീളമുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് മാത്രമല്ല, യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യാനും ഇത്തരത്തിൽ ഫണ്ട് ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഇസ്ലാമിസ്റ്റുകളുടെ മുഖമാകാൻ ഇത്തരത്തിലുള്ള തീവ്ര ഇസ്ലാം മത സംഘടനകൾ ശ്രമിക്കുന്നുവെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പോപ്പുലർ ഫ്രണ്ട്- എസ്ഡിപിഐ പോലുള്ള സംഘടനകളുടെ പ്രധാന നേതൃത്വം നിരോധിത സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യിൽനിന്നാണെന്നും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഒരു തീവ്ര യാഥാസ്ഥിതിക സുന്നി സംഘടനയാണെങ്കിലും, സൂഫികൾ, ബറേൽവിസ്, ദിയോബന്ദികൾ എന്നിവരുൾപ്പെടെ ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളുടെയും മുഖമാകാനാണ് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ ശ്രമിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം കേരളത്തിൽ അമ്പതോളം കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന നടക്കുന്നത്. കോഴിക്കോട് മീഞ്ചന്തയിലെ സംസ്ഥാന കമ്മിറ്റി ഓഫിസിലും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോട്ടയം, കാസർഗോഡ്, കൊല്ലം, ഉൾപ്പെടെയുള്ള ജില്ലകളിലും റെയ്ഡ് നടക്കുന്നുണ്ട്. തൃശൂരിൽ സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങൾ, പികെ ഉസ്മാൻ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply