മലയാളികളടക്കമുള്ള ഇന്ത്യക്കാർ കുടുങ്ങിയ ഹീറോയിക് ഇഡുൻ കപ്പൽ തങ്ങളുടെ സമുദ്രാതിർത്തി ലംഘിച്ചതായി ആവർത്തിച്ച് നൈജീരിയ. കപ്പലിലെ ജീവനക്കാർ ക്രൂഡ് മോഷ്ടിക്കാൻ ശ്രമിച്ചതായും നൈജീരിയ ആരോപിച്ചു. കപ്പലിലെ ജീവനക്കാരെ നൈജീരിയക്ക് കൈമാറുമെന്നാണ് ഗിനി സർക്കാരിന്റെ പ്രഖ്യാപനം. മോചനത്തിന് സഹായമാവശ്യപ്പെട്ട് വീണ്ടും കപ്പലിലെ ജീവനക്കാരുടെ വീഡിയോ പുറത്ത് വന്നു. തടവുകാരോടുള്ള സമീപനം മോശമാണെന്നും എത്രയും പെട്ടന്ന് അധികൃതർ ഇടപെടണമെന്നും മലയാളി സനു ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് നീക്കം നടക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ഗിനി തുറമുഖത്ത് വൻ സൈന്യത്തെ വിന്യസിച്ചതായും മലയാളി ജീവനക്കാർ പറഞ്ഞു. കപ്പൽ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയക്ക് നൽകിയിട്ടുണ്ട്.കപ്പൽ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൈജീരിയയിലെ ഫെഡറൽ കോടതിയെ കമ്പനി സമീപിച്ചിട്ടുണ്ട്. കടലിലെ തർക്കങ്ങൾ പരിഗണിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടൻ കമ്പനി സമീപിക്കും. കൂടുതൽ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം തടവ് കേന്ദ്രത്തിൽ നിന്നും മാറ്റുന്നത്.