ഇന്നുമുതൽ രാത്രികാല കർഫ്യൂ ; അവശ്യയാത്രകൾക്കുമാത്രം ഇളവ് അനുവദിക്കും.
തിരുവനന്തപുരം : കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് ഇന്നുമുതൽ രാത്രി കർഫ‍്യൂ. രാത്രി 10 മുതൽ രാവിലെ 6 വരെയാണു സമയം.
കർഫ്യൂ സമയത്തു വ്യക്തികളുടെ സഞ്ചാരം കർശനമായി തടയണമെന്നാണു പൊലീസിനു നൽകിയിരിക്കുന്ന നിർദേശം. ആശുപത്രി യാത്ര (കൂട്ടിരിപ്പിന് ഉൾപ്പെടെ), ചരക്കുനീക്കം, അവശ്യസർവീസുകൾ, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്നുള്ള യാത്ര, ദീർഘദൂര യാത്ര കഴിഞ്ഞുള്ള മടക്കം (യാത്രാരേഖകൾ കാണിക്കണം) എന്നിവയ്ക്കു മാത്രമാണ് ഇളവുള്ളത്. മറ്റുള്ളവർ അടുത്ത പൊലീസ് സ്റ്റേഷനിൽനിന്നു യാത്രാനുമതി വാങ്ങണം.ജനസംഖ്യ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗനിരക്ക് (ഐപിആർ) 7ൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക‍്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനപ്രകാരമുള്ള പട്ടിക ഇന്നു പുറത്തിറക്കും.
ലോക്ഡൗൺ ബാധകമാകുന്ന തദ്ദേശസ്ഥാപന വാർഡുകളുടെ എണ്ണം കൂടിയേക്കും. സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയ ഇന്നലെ കർശന പരിശോധനയാണു പൊലീസ് നടത്തിയത്. അനാവശ്യമായി പുറത്തിറങ്ങിയവർക്കു പിഴ ചുമത്തി.സംസ്ഥാനത്തു പതിവു നിയന്ത്രണങ്ങളും ഇളവുകളും ഇന്നു മുതൽ തുടരും.കോവിഡ് അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനം.തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതൽ. ഈ ജില്ലകളിൽ ടിപിആർ കുറയ്ക്കാൻ കർശനമായ നടപടികളെടുക്കണമെന്നു കലക്ടർമാർക്കു സർക്കാർ നിർദേശം നൽകി.