പെരിന്തൽമണ്ണ. പെരിന്തൽമണ്ണയിൽ നിന്ന് വെട്ടത്തൂർ – അലനല്ലൂർ വഴി തിരുവാഴാംകുന്നിലേക്കുള്ള രാത്രി കാല കെഎസ്ആർടിസി ബസ് സർവീസ് ഈ മാസം 31 മുതൽ പുനരാരംഭിക്കുമെന്ന് ഡിടിഒ കെ.പി. രാധാകൃഷ്ണൻ അറിയിച്ചു.
മുമ്പ് രാത്രി എട്ടിനും എട്ടരയ്ക്കും ആയിരുന്നു പെരിന്തൽമണ്ണയിൽ നിന്ന് ബസ് പുറപ്പെട്ടിരുന്നത്. ഒന്നാം ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവ നിർത്തിയിരുന്നു. പിന്നീട് തുടങ്ങിയെങ്കിലും മുടങ്ങി. തിരുവാഴാകുന്ന് ഫാമിൽ ആയിരുന്നു രണ്ട് ബസുകളിലെയും ജീവനക്കാർക്ക് താമസ സൗകര്യം ഉണ്ടായിരുന്നത്. കോവിഡ് ഭീതി കാരണം ഈ സൗകര്യം ബന്ധപ്പെട്ടവർ നിർത്തി. ഇതോടെ താമസ സൗകര്യം മുടങ്ങിയതിനാൽ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ ബസ് സർവീസ് നിർത്തി വയ്ക്കാൻ അധികൃതർ നിർബന്ധിതരായി. ഇതോടെ രോഗികൾ, തൊഴിലാളികൾ, മറ്റു യാത്രക്കാർക്ക് രാത്രി വൈകി വീടുകളിൽ എത്താൻ ഏറെ പ്രയാസം നേരിട്ടിരുന്നു. യാത്ര ദുരിതം സംബന്ധിച്ച് പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങള്‍ വാർത്ത നൽകിയിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകനും പെരിന്തൽമണ്ണ പാലിയേറ്റീവ് കെയർ സൊസൈറ്റി കോ- ഓർഡിനേറ്ററുമായ മാനുപ്പ കുറ്റീരി, പെരിന്തൽമണ്ണയിലെ ഏആർഎംസി ഏജീസ് മാനേജിങ് ഡയറക്ടർ ഡോ. നിലാർ മുഹമ്മദിന്റെ ശ്രദ്ധയിൽ പെടുത്തി.
തുടർന്ന് അദ്ദേഹം തിരുവാഴാംകുന്നിൽ ബസ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് സഹായിക്കാമെന്ന് അറിയിച്ചു. ഇതിന് ശേഷം തിരുവാഴാംകുന്നിൽ പൊതു പ്രവർത്തകൻ കെ.പ്രസാദിന്റെ നേതൃത്വത്തിൽ താമസ സൗകര്യം കണ്ടെത്തി.