ആലപ്പുഴ ∙ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിനു വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയെന്നു സംശയിക്കുന്ന മുൻ എസ്എഫ്ഐ നേതാവിനു നിഖിൽ 2 ലക്ഷം രൂപ കൈമാറിയതായി പൊലീസിനു തെളിവ് ലഭിച്ചു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാൾ ഇപ്പോൾ വിദേശത്ത് അധ്യാപകനാണ്. 2020 ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തി.
നേരത്തേ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുന്ന ഏജൻസി നടത്തിയിരുന്ന ഇയാൾ പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു നൽകിയതായി പൊലീസ് സംശയിക്കുന്നു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി. കേസെടുത്തു 3 ദിവസമായിട്ടും നിഖിലിനെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ 3 ഇൻസ്പെക്ടർമാരെക്കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു.
നിഖിൽ ഒളിവിൽ പോകുന്നതിന്റെ തലേന്ന് ഒപ്പം ഉണ്ടായിരുന്ന സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗത്തെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. രാവിലെ കസ്റ്റഡിയിലെടുത്തു. രാത്രി ഏഴിനാണു വിട്ടയച്ചത്. കരീലക്കുളങ്ങര ലോ കോളജിലെ എസ്എഫ്ഐ നേതാവായ ചവറ സ്വദേശി ഉൾപ്പെടെ 8 പേരെക്കൂടി ഇന്നലെ ചോദ്യം ചെയ്തു.
കായംകുളം ഡിവൈഎസ്പി ജി.അജയ്നാഥ്, ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ഇൻസ്പെക്ടർമാരായ ആർ.എസ്.ബിജുകുമാർ, വി.എസ്.ശ്യാംകുമാർ, ജി.ജയകുമാർ എന്നിവരെക്കൂടി ഉൾപ്പെടുത്തിയാണു വിപുലീകരിച്ചത്.