ചെന്നൈ ∙ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് എതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.
ചെന്നൈയിൽ എജ്യുക്കേഷനൽ കൺസൽറ്റൻസി നടത്തുന്ന തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസാണു പിടിയിലായത്. റിയാസാണു സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളജിൽ എംകോമിനു പ്രവേശനം നേടിയതു വിവാദമായിരുന്നു. സംഭവത്തിൽ കോളജ് അധികൃതർക്കെതിരെ നടപടി ആരംഭിക്കാൻ കേരള സർവകലാശാല സിൻഡിക്കറ്റ് തീരുമാനിച്ചു. കോളജ് പ്രിൻസിപ്പൽ, കൊമേഴ്‌സ് വകുപ്പ് മേധാവി, വിവരാവകാശ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെയാണു നടപടി.
കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നിഖിൽ എംഎസ്എമ്മിൽ പ്രവേശനം നേടുകയായിരുന്നു. നിഖിൽ സർവകലാശാലയുടെ വിദ്യാർഥി ആയിരുന്നില്ലെന്നും വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയതിനെതിരെ നടപടി വേണമെന്നും കേരള സർവകലാശാലയോട് കലിംഗ ആവശ്യപ്പെട്ടു. ഒളിവിലായിരുന്ന നിഖിലിനെ ജൂൺ 23നാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചു.