മലപ്പുറം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നിലമ്പൂർ-ഷൊർണ്ണൂർ പാതയിൽ നിലമ്പൂർ-കോട്ടയം എക്സ്‍പ്രസ് സർവീസ് വീണ്ടും പുനരാരംഭിച്ചു. ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് നിലമ്പൂർ ഷൊർണ്ണൂർ പാതയിൽ കോട്ടയം-നിലമ്പൂർ എക്‌സ്പ്രസ് ഓടി തുടങ്ങുന്നത്. വിവിധ സംഘടനകളുടെയും നഗരസഭാ അധികൃതരുടെയും നേതൃത്വത്തിൽ പുനരാരംഭിച്ച ട്രെയിനിന് സ്വീകരണം നൽകി. 2020 മാർച്ച് 23 ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പാസഞ്ചർ സർവീസ് ആണ് നീണ്ട ഇടവേളക്കുശേഷം എക്സ്‍പ്രസ് ട്രെയിനായി സർവീസ് പുനരാരംഭിച്ചത്.
പുലർച്ച 5.15 നാണ് കോട്ടയത്ത് നിന്നും നിലമ്പൂരിലേക്ക് ട്രെയിൻ പുറപ്പെടുക. 6.40 ന് എറണാകുളത്തും 8.28 ന് തൃശൂരിലും 10.10ന് ഷൊർണൂരിലും എത്തും. 11.45 നാണ് നിലമ്പൂരിലെത്തുക. 3.10 ന് നിലമ്പൂരിൽ നിന്നും മടങ്ങുന്ന ട്രെയിൻ രാത്രി 10.15 ന് കോട്ടയത്ത് തിരിച്ചെത്തും. കോട്ടയത്ത് നിന്നും നിലമ്പൂരിലേക്ക് 06326 എന്ന നമ്പറിലും നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് ട്രെയിൻ 06325 എന്ന നമ്പറിലുമാണ് സർവീസ് നടത്തുക