അങ്ങാടിപ്പുറം: നിലമ്പൂർ – ഷൊർണ്ണൂർ പാതയിലെ പകൽ യാത്രാ ദുരിതത്തിന് അറുതിയാകുന്നു. കോട്ടയം – നിലമ്പൂര്‍ – കോട്ടയം റിസേര്‍വ്ഡ് സ്പെഷ്യല്‍ എക്സ്പ്രസ്സിന് പച്ചക്കൊടി. ഒക്ടോബര്‍ 7ന് ആദ്യ സര്‍വീസ് ആരംഭിക്കും. അങ്ങാടിപ്പുറം, വാണിയമ്പലം എന്നീ സ്റ്റോപ്പുകൾ മാത്രമായിരിക്കും തുടക്കത്തിൽ ഉണ്ടാവുക.
രാവിലെ 5:15ന് കോട്ടയത്ത് നിന്നും ആരംഭിച്ച് രാവിലെ 10:10 ന് ഷെർണൂരും 10:54 ന് അങ്ങാടിപ്പുറത്തും യാത്ര തുടരുന്ന ട്രെയിന്‍ 11:45 ന് നിലമ്പൂരിൽ യാത്ര അവസാനിപ്പിക്കും. തിരിച്ച് വൈകുന്നേരം 3.10 ന് നിലമ്പൂരിൽ നിന്നും പുറപ്പെട്ട് അങ്ങാടിപ്പുറം – 3:48, ഷൊർണ്ണൂർ – 4:40, വഴി കോട്ടയത്ത് രാത്രി 10.15 ന് യാത്ര അവസാനിക്കും.
നിലമ്പൂര്‍ – മൈസൂര്‍ റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്‍റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നിരന്തരമായ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമാണ് ഫലം കാണുന്നത്. കോവിഡിനു മുമ്പ് ഏഴ് ജോഡി ട്രെയിനുകളാണു പാതയിലൂടെ ഓടിയിരുന്നത്. എന്നാൽ, ഇതുവരെ പുനഃസ്ഥാപിച്ചതു രാജ്യറാണി എക്സ്പ്രസ് മാത്രം. ഇതു രാത്രിയാണ് ഓടുന്നത്. നിലവിൽ പാതയിൽ പകൽ വണ്ടികൾ ഒന്നുമില്ല. കോട്ടയം- നിലമ്പൂർ സ്പെഷ്യല്‍ എക്സ്പ്രസ് ഓടി തുടങ്ങുന്നതോടെ പകൽ യാത്രാ ദുരിതത്തിന് താത്കാലിക ആശ്വാസമാകും. കോവിഡിന് മുൻപ് ദിവസം അയ്യായിരത്തിലധികം യാത്രക്കാരാണ് പാത ഉപയോഗിച്ചിരുന്നത്.