കോഴിക്കോട്: നിപ്പ ജാഗ്രതയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. പിഎസ്‌സി, സർവകലാശാല പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകൾക്കും കോച്ചിങ് സെന്ററുകൾക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താം.
കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. രോഗലക്ഷണമുള്ള 35 പേരുടെ സാംപിളുകളാണ് ഇതുവരെ ശേഖരിച്ചത്. 22 പേരുടെ പരിശോധനാ ഫലം ലഭിച്ചു. 4 പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ 14 പേർ ഐസലേഷനിലുണ്ട്. 706 പേര്‍ സമ്പർക്ക പട്ടികയിലുണ്ട്. അത് ഇനിയും വർധിക്കാം. സമ്പർക്കപ്പട്ടികയിലെ 76 പേര്‍ ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരാണ്. സമ്പർക്കപ്പട്ടികയിൽ 157 ആരോഗ്യപ്രവർത്തകരുണ്ട്.