Spread the love

മാനന്തവാടി : കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വയനാട്ടിലും നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. മാനന്തവാടി പഴശി പാര്‍ക്കിലേക്ക് പ്രവേശനം വിലക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്നുള്ളവര്‍ വയനാട്ടില്‍ എത്തുന്നത് തടയാന്‍ നിര്‍ദേശമുണ്ട്

തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ അധികൃതര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. കണ്‍ട്രോള്‍ റൂം തുറന്നു. 04935–240390 എന്ന നമ്പരില്‍ ബന്ധപ്പെടാം. പൊതുജനങ്ങള്‍ ഒത്തു ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു

വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശമാണ് മാനന്തവാടി പഴശി പാർക്ക്. കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ജില്ലയിലേക്കു വരുന്നവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്തു തന്നെ തുടരണം. സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.

തൊണ്ടര്‍നാട്, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തുന്നതിനും ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി. നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപക്ഷം ചികിത്സ ഉറപ്പ് വരുത്തുന്നതിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യമായ പ്രത്യേക ക്രമീകരണങ്ങള്‍ സജ്ജീകരിക്കും. ജില്ലയുടെ അതിര്‍ത്തികളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കും.

വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളുമായി പൊതുജനങ്ങള്‍ സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ, ശല്യപ്പെടുത്തുകയോ ചെയ്യരുത്. പട്ടികവര്‍ഗ്ഗകോളനികളില്‍ പ്രത്യേക നിപ ജാഗ്രത ബോധവല്‍ക്കരണം നടത്തുന്നതിന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply