
കോഴിക്കോട് : ജില്ലയിൽ നിപ്പ ആശങ്ക ഒഴിയുന്നു. തിങ്കളാഴ്ച രാത്രി ലഭിച്ച 49 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. പുതിയ പോസിറ്റീവ് കേസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വവ്വാലുകളിൽനിന്നും ശേഖരിച്ച 14 സാംപിളുകളും നെഗറ്റീവാണ്. തിങ്കളാഴ്ച വൈകിട്ട് ആരോഗ്യമന്ത്രി നിപ്പ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ സമൂഹമാധ്യമത്തിലൂടെ വിശദീകരിച്ചു. മന്ത്രിയോടൊപ്പം കൺട്രോൾ റൂമിലെ വിവിധ ടീമുകളുടെ ലീഡർമാരും പ്രവർത്തനങ്ങൾ പങ്കുവച്ചു.
ഇന്നലെ ലഭിച്ച 71 പരിശോധനാ ഫലങ്ങളും നെഗറ്റീവായിരുന്നു. ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ട ചിലരുടെ ഫലങ്ങളും ഇന്നലെ നെഗറ്റീവായതാണ് ആശ്വാസം പകരുന്നത്. 13നു കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച 58 വാർഡുകളിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവു വരുത്തും. നിപ്പ സമ്പർക്കപ്പട്ടികയിൽ ഇതുവരെ 1,270 പേരെ ഉൾപ്പെടുത്തിയതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗബാധിതരെ നിരീക്ഷിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയ 75 മുറികളിൽ 60 എണ്ണം ഒഴിവുണ്ട്. നിലവിൽ ചികിത്സയിലുള്ള നാലു പേരുടെയും നിലയിൽ പുരോഗതിയുണ്ട്.