ഇക്കഴിഞ്ഞ ദിവസം നടന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്യാമറക്കണ്ണിൽ നിറഞ്ഞുനിന്ന ഒരു അതിഥിയായിരുന്നു മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. ചടങ്ങിൽ നിത ധരിച്ചിരുന്ന കറുത്ത സാരി ഉൾപ്പെടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ സാരിയുടെ പ്രത്യേകതകളാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ ചർച്ച.
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും അതിന് മുന്നോടിയായി നടന്ന വിരുന്നുസൽക്കാരത്തിലും നിത അംബാനി ധരിച്ചത് ഇതേ സാരിയായിരുന്നു. ഇന്ത്യയുടെ പുരാതന നെയ്‌ത്തുരീതിയിൽ വിരിഞ്ഞ ജമവർ സാരിയായിരുന്നു ഇത്. 1,900 മണിക്കൂറുകളെടുത്താണ് സാരി നെയ്തെടുത്തത്.
കറുപ്പും ഗോൾഡും സിൽവറും നിറത്തിലുള്ള സാരിയാണ് നിത ധരിച്ചിരുന്നത്. എന്നാൽ സാരിയുടെ ഡിസൈനും വ്യത്യസ്ത രീതിയിലുള്ള ബ്ലൗസും ഒരുപാട് ശ്രദ്ധയാകർഷിച്ചു. ഇതോടെ ആരാണ് ഡിസൈനർ എന്ന് തെരയുകയാണ് സോഷ്യൽമീഡിയ. പ്രശ്സത ഡിസൈനർ തരുൺ തഹിലിയാനിയാണ് സാരി ഡിസൈൻ ചെയ്തത്. അത്താഴവിരുന്നിൽ പങ്കെടുക്കുന്ന നിത അംബാനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
പ്രത്യേകമായ വിവിധ പാറ്റേണുകളിൽ മുത്തും കല്ലുകളും പിടിപ്പിച്ചതാണ് ജമവർ സാരിയുടെ മറ്റൊരു പ്രത്യേകത. വ്യത്യസ്തമായ കോളർ ബ്ലൗസായിരുന്നു മറ്റൊരു വെറൈറ്റി. ധാരാളം എബ്രോയ്ഡറി വർക്കുകൾ ഉൾപ്പെടുത്തിയാണ് ബ്ലൗസ് നെയ്തെടുത്തിരിക്കുന്നത്.
ജമവർ സാരികളാണ് നിത അംബാനി കൂടുതലായും ധരിക്കുന്നത്. ബ്ലൗസിന്റെയും സാരിയുടെയും കളർ കോംമ്പിനേഷനുകളാണ് നിതയുടെ വസ്ത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. നിതയുടെ സാരികളെല്ലാം ഡിസൈൻ ചെയ്യുന്നതും തരുൺ താഹിലിയാനിയാണ്. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ അതിഥികൾക്കിടയിൽ താരമായിരുന്നു നിത അംബാനിയും അവരുടെ ജമവർ സാരിയും.
വ്യത്യസ്തത കൊണ്ടുവരാൻ പുത്തൻ പാറ്റേണും ത്രഡ്ഡും മുത്തും തരുൺ ഉപയോഗിച്ചിട്ടുണ്ട്. ഇത് കൂടാതെ വജ്രവും പിടിപ്പിച്ചിരുന്നു. കശ്മീരി സ്റ്റൈലിൽ നെയ്തെടുക്കുന്ന സാരിയെയാണ് ജമവർ സാരിയെന്ന് വിളിക്കുന്നത്.