Spread the love

ഫേസ്ബുക്ക് പോസ്റ്റിലൂടെ സിനിമാജീവിതത്തിലെ നിർണായകമായ വിശേഷം പങ്കുവച്ച് നടൻ നിവിൻ പോളി. ഇന്ത്യയിലെ ആദ്യത്തെ മൾട്ടിവേഴ്സ് സൂപ്പർ ഹീറോ ചിത്രത്തിന്റെ ഭാഗമാകാൻ പോകുന്നതിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. യുവസംവിധായകൻ ആദിത്യൻ ചന്ദ്രശേഖറിന്റെ പുതിയ ചിത്രമാണ് മൾട്ടിവേഴ്സ് മന്മദൻ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് താരം ആശംസകളും നേർന്നിട്ടുണ്ട്. ഇതോടെ നിവിൻ പോളിയുടെ ഉഗ്രൻ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലായിരുന്നു നിവിൻ പോളി അവസാനമായി അഭിനയിച്ചത്. ചിത്രത്തിന് പ്രതീക്ഷിച്ച വിജയം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. റാം സംവിധാനം ചെയ്യുന്ന ‘ഏഴ് കടൽ ഏഴ് മലൈ’ ആണ് ഇനി പുറത്തിറങ്ങാനുള്ള ഒരു നിവിൻ പോളി ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നിവിൻ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ വേഷമാണ് എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ഇതിനിടയിൽ താരത്തിന്റെ പുതിയ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം നിവിൻ പോളി പങ്കുവച്ച പുതിയ ലുക്കിലുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കറുത്ത പാന്റും വെള്ള ടി-ഷർട്ടിന് മുകളിൽ തവിട്ടുനിറത്തിലുള്ള ജാക്കറ്റും വെള്ള ഷൂസും സൺഗ്ലാസും ധരിച്ച് ഗ്രാൻഡ് ലുക്കിലാണ് നിവിൻ പോളി. വിന്റേജ് നിവിൻ പോളി ലുക്കിലാണ് താരം. പോസ്റ്റിന് മികച്ച രീതിയിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നീ വാ തലൈവ, പെട്ടെന്ന് വന്നവർ പോകും, പക്ഷേ ലെജൻഡുകൾ തിരിച്ചുവരും, ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ അങ്ങനെ നീളുന്നു കമന്റുകൾ.

Leave a Reply