മലയാള സിനിമയിലെ പ്രമുഖനടൻ വലിയ ഒരു തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകി പൊതുവേദിയിൽ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ആ പ്രമുഖ നടൻ ആരെന്ന് വ്യക്തമാക്കാതെയായിരുന്നു ലിസ്റ്റിന്റെ പരാമർശം. താനീ പറയുന്നത് ആ താരത്തിന് മനസിലാകുമെന്ന് പറഞ്ഞ ലിസ്റ്റിൻ സ്റ്റീഫൻ, ആ തെറ്റ് വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രസ്തുത വീഡിയോയും ഇതുമായി ബന്ധപ്പെട്ട വാർത്തകളും മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലിസ്റ്റിൽ ആരോപിക്കുന്ന നടൻ നിവിൻ പോളി ആണെന്ന അഭ്യൂഹം ശക്തമായിരുന്നു. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്നഏറ്റവും പുതിയ സിനിമ ബേബി ഗേളിൽ നിവിനാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സിനിമയുടെ ഷെഡ്യൂൾ നൽകിയ താരം ഇതേ സമയത്ത് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോയതിലാണ് നിർമ്മാതാവ് വിമർശനം ഉന്നയിച്ചതെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായി സംവിധായകൻ അരുൺ വർമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സെറ്റിൽ നിന്നും നായകനായ നിവിൻ പോളി ഇറങ്ങിപ്പോയെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്നാണ് ചിത്രത്തിന്റെ സംവിധായകനായ അരുൺ വർമ പറഞ്ഞത്.
‘നിവിൻ സീനിയറായ ഒരു ആർട്ടിസ്റ്റ് ആണ്. അദ്ദേഹത്തിന് ഇങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞതെന്താണെന്ന് തനിക്കറിയില്ല. ലിസ്റ്റിൻ എന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി അഭിപ്രായം പറയാൻ എനിക്ക് കഴിയില്ല. പക്ഷേ എന്റെ സിനിമയിൽ ഇപ്പോൾ പുറത്തുവരുന്ന രീതിയിലുള്ള പ്രശ്നങ്ങൾ നടന്നിട്ടില്ല. എന്റെ സിനിമയുടെ സെറ്റിൽ നിന്ന് നിവിൻ പോളി ഇറങ്ങി പോയി എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഞങ്ങൾ അറിയാതെ വേറെ എവിടേക്കോ ഇറങ്ങിപ്പോയി എന്നൊക്കെ പറയുന്നത് വാസ്തവവിരുദ്ധമാണ്.’ അരുൺ പറഞ്ഞു.
‘ഞങ്ങളോട് പറഞ്ഞ ഡേറ്റിനു നിവിൻ വന്നു അഭിനയിച്ചിരുന്നു. സിനിമയിൽ നിവിൻ അഭിനയിക്കാനുള്ള പ്രധാന ഭാഗങ്ങളെല്ലാം ഞങ്ങൾ തീർത്തുകഴിഞ്ഞു. ഇനി കുറച്ചു ബാലൻസ് ഭാഗങ്ങൾ ഷൂട്ട് ചെയ്യാനുള്ളത് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഞങ്ങൾ പുനരാരംഭിക്കാൻ ഇരിക്കുകയാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഫേക്ക് ന്യൂസ് ആണ്. എന്നോടോ സിനിമയുടെ പ്രൊഡ്യൂസറോടോ, നിവിനോടോ ചോദിക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്നത് തെറ്റാണ്. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ ഒരു വാസ്തവവും ഇല്ല. ഞങ്ങളുടെ പടത്തിൽ നിവിൻ ഉണ്ട്, തുടർന്നും ഉണ്ടാകും.’ അരുൺ വർമ കൂട്ടിച്ചേർത്തു.