ഒരു പ്രശ്നം വന്നപ്പോൾ ജനങ്ങൾ തനിക്കൊപ്പം നിന്നെന്ന് നടൻ നിവിൻ പോളി. തന്നിൽ വിശ്വാസമർപ്പിച്ചതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും പുതിയ ചിത്രങ്ങളുമായി താൻ എത്തുമെന്നും നിവിൻ പോളി പറഞ്ഞു. നിലമ്പൂർ പാട്ടുത്സവത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നടന്റെ വാക്കുകൾ. തനിക്കെതിരെ ഉയർന്ന വ്യാജ ലൈംഗികാരോപണ കേസ് പരാമർശിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.
“ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിന് മുന്നിൽ നിൽക്കുന്നത്. അടുത്തിടെ ഞാൻ നേരിട്ട പ്രശ്നങ്ങളെല്ലാം എല്ലാവർക്കും അറിയാം. ആ പ്രശ്നങ്ങൾക്ക് ശേഷം പരിപാടികളിലൊന്നും ഞാൻ പങ്കെടുക്കാറില്ല. ഗോപാലൻ ചേട്ടൻ എനിക്ക് ജേഷ്ഠ സഹോദരനെ പോലെയാണ്. അദ്ദേഹം പറഞ്ഞതുകൊണ്ടാണ് വരുന്നതിനെ കുറിച്ച് ആലോചിച്ചത്”.
“എനിക്ക് പ്രശ്നങ്ങളുണ്ടായപ്പോൾ എനിക്കൊപ്പം നിന്നത് ജനങ്ങളാണ്. അതിന് ഒരുപാട് നന്ദിയുണ്ട്. എന്നിൽ വിശ്വാസമർപ്പിച്ചതിന് എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു. നല്ല സിനിമകളുമായി ഈ വർഷം ഞാൻ നിങ്ങളുടെ മുന്നിൽ വരും. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും എന്നും ഉണ്ടാകുമെന്ന് വിശ്വാസിക്കുന്നു. ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും” നിവിൻ പോളി പറഞ്ഞു.