നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഒരു റിയലിസ്റ്റിക് പൊലീസ് ചിത്രമായി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് ഒരു രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ഷെഡ്യൂളിന് ശേഷം സിനിമ നിർത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ.
‘ആക്ഷൻ ഹീറോ ബിജു 2 ഞങ്ങൾ തുടങ്ങിയതാണ് പക്ഷെ ചില സാങ്കേതിക പ്രശ്നങ്ങൾ ആ സിനിമയ്ക്ക് സംഭവിച്ചു. ആ സിനിമ ഇങ്ങനെ നിൽക്കുവാണ്. ഞാൻ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ്. അത് എപ്പോഴെങ്കിലും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു’, എബ്രിഡ് ഷൈനിന്റെ വാക്കുകൾ. നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നായിരുന്നു രണ്ടാം ഭാഗം നിർമിക്കാനിരുന്നത്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർക്കൊരുപോലെ ഇഷ്ടപ്പെട്ട ചിത്രത്തിലെ ഗാനങ്ങളും കോമഡി രംഗങ്ങളും ശ്രദ്ധേയമായിരുന്നു. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ആക്ഷൻ ഹീറോ ബിജുവിന്റെ വിജയം.







