നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. എന്നാൽ തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും പ്രതി പറഞ്ഞു. കോടതിയുടെ ഉത്തരവ് കേട്ടതിന് പിന്നാലെയായിരുന്നു പ്രതികരണം. പ്രതിക്കൂട്ടിൽ തളർന്നിരുന്ന ബോ.ചെയോട് തത്കാലം കോടതിമുറിയിൽ വിശ്രമിക്കൂവെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിയെ നേരെ ആശുപത്രിയിലേക്ക് എത്തിക്കാനാണ് സാധ്യത. ബിപി നിയന്ത്രിത അളവിലാണെങ്കിൽ ജയിലിലേക്ക് മാറ്റും.
കേസിൽ പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങളുടെ വാദങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളുടെ മുന്നിലിട്ട് നടിയെ ബോബി ചെമ്മണ്ണൂർ അപമാനിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നടിക്കെതിരെ അശ്ലീല പരാമർശമാണ് നടത്തിയത്. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും സമ്പന്നനായതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും റിമാൻഡ് റിപ്പോർട്ടിലും പരാമർശിച്ചിരുന്നു.
ജാമ്യം അനുവദിച്ചാൽ സമൂഹമാദ്ധ്യമങ്ങൾ വഴി മോശം പരാമർശം നടത്തുന്നവർക്ക് പ്രോത്സാഹനമാകും. ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. മാലയുടെ പിൻവശം കാണൂവെന്ന് പറഞ്ഞത് ദ്വയാർത്ഥ പ്രയോഗമാണ്. അത്തരമൊരു പരാമർശത്തിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. വീഡിയോ പിന്നീട് മോശം അർത്ഥത്തിൽ പ്രചരിപ്പിക്കപ്പെട്ടു. മാനേജറോട് അതൃപ്തി അറിയിച്ചിരുന്നു. പിന്നീട് വന്ന എല്ലാ വീഡിയോകളിലും ദ്വയാർത്ഥ പ്രയോഗം നടത്തി. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിൽ ഹണി റോസിനെക്കുറിച്ച് അശ്ലീല ചുവയോടെ പരാമർശങ്ങൾ നടത്തിയെന്നും കോടതിയെ പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
എന്നാൽ പ്രോസിക്യൂഷൻ വാദങ്ങൾ പൂർണമായും എതിർത്തായിരുന്നു പ്രതിഭാഗം അഭിഭാഷകൻ രാമൻപിള്ള ബോബി ചെമ്മണ്ണൂരിന് വേണ്ടി വാദിച്ചത്. നടിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും ഉദ്ഘാടന ചടങ്ങിൽ നടിയുടെ ശരീരത്തിൽ സ്പർശിച്ചിട്ടില്ലെന്നും പ്രതിഭാഗം വക്കീൽ കോടതിയിൽ പറഞ്ഞു. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് ശേഷം ഇരുവരും സൗഹൃദത്തിലായിരുന്നു. നടി പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല. നിരവധിയാളുകൾക്ക് ജോലി നൽകിയ, അനവധി പുരസ്കാരങ്ങൾ ലഭിച്ച വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ എന്നും കേസിൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം നിരസിക്കുകയായിരുന്നു കോടതി. തുടർന്ന് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി തള്ളുകയും ചെയ്തു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആയിരുന്നു ബോ.ചെയുടെ ജാമ്യ ഹർജി പരിഗണിച്ചത്.