Spread the love

കാസർകോട്∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ എസ്എഫ്ഐ മുൻ നേതാവും കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയുമായ കെ.വിദ്യയുടെ ‍(വിദ്യ വിജയൻ) വീട്ടിൽ തൃക്കരിപ്പൂർ പൊലീസിനു പിന്നാലെ അഗളി െപാലീസും എത്തി. അഗളി പൊലീസ് ഇൻസ്പെക്ടർ കെ.സലീമിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് പൂർത്തിയായി. വിദ്യ എവിടെയെന്ന് സൂചനയില്ലെന്നും വ്യാജസർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനായില്ലെന്നും അഗളി പൊലീസ് പറഞ്ഞു.

തൃക്കരിപ്പൂർ പൊലീസ് എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിദ്യയുടെ ബന്ധു വീട് തുറന്നുകൊടുത്തു. തൃക്കരിപ്പൂർ പൊലീസ് സമീപത്തെ വീട്ടിൽ നിന്നും വിവരങ്ങൾ തിരക്കിയിരുന്നു. വിദ്യയ്‌ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു 4 ദിവസം കഴിഞ്ഞിട്ടും അവരെ കണ്ടെത്തിയിട്ടില്ല. കാലടിയിൽ സംസ്കൃത സർവകലാശാലയുടെ ഒരു ഹോസ്റ്റലിലാണു വിദ്യ ഒളിവിൽ താമസിക്കുന്നതെന്ന് ആരോപണമുണ്ട്.

വിദ്യയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ വ്യാജരേഖ സംബന്ധിച്ച വിവരങ്ങൾ അറിയാനാകൂ. അഗളി പൊലീസ് ഇൻസ്പെക്ടർ കെ.സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. അഗളി ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ലാലിമോൾ വർഗീസിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത അഗളി പൊലീസ് ഇന്നലെ കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

വിദ്യയ്ക്കെതിരെ മഹാരാജാസ് കോളജ് അധികൃതർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസും അഗളി സ്റ്റേഷനിലേക്കു വ്യാഴാഴ്ച കൈമാറി.കാസർകോട് നീലേശ്വരം കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയതുമായി ബന്ധപ്പെട്ടു നീലേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply