കണ്ണൂരിൽ നിന്ന് വിദേശ വിമാന കമ്പനികളുടെ സർവ്വീസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഇന്ത്യൻ കമ്പനികളുടെ സർവ്വീസ് വർധിപ്പിക്കാമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
എത്തിഹാദ്, എമിറേറ്റ്‌സ് തുടങ്ങിയ കമ്പനികളെ അനുവദിക്കുന്നതിലൂടെ കണ്ണൂരിൽ നിന്നുള്ള നിരക്ക് കുറയുമെന്നായിരുന്നു കേരളത്തിന്റെ വാദം.
യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് കണ്ണൂരിൽ നിന്ന് കണക്ഷൻ വിമാനവും ലഭിക്കുമെന്നും കേരളം വാദിച്ചു. എന്നാൽ നിർദ്ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകരിച്ചില്ല.
അതേസമയം, ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി രാജ്യാന്തര വിമാന സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA ) നേരത്തെ അറിയിച്ചിരുന്നു. നേരത്തെ രാജ്യാന്തര വിമാന സർവീസിന് നൽകിയ ഇളവുകൾ പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദഗ്ധരുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും ആശയവിനിമയം നടത്തുമെന്നും ഡിജിസിഎ വ്യക്തമാക്കി. രാജ്യങ്ങളെ 3 വിഭാഗമായി തിരിച്ച് വിമാനസർവീസ് പുനരാരംഭിക്കാനായിരുന്നു നീക്കം.